അഴിത്തലയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു
നീലേശ്വരം :
അഴിത്തലയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. അഴിത്തല ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ആയ സഫ്ദര്‍ ഹാശ്മി സ്മാരക മന്ദിരത്തിനു നേരെയാണ് ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ ആക്രമണമുണ്ടായത്. തൈക്കടപ്പുറം ബോട്ട് ജെട്ടിയില്‍ നിന്നു സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമമഴിച്ചു വിട്ടതെന്ന് സിപിഎം കേന്ദ്രങ്ങള്‍ കുറ്റപ്പെടുത്തി. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമാണിത്. ഓഫിസില്‍ അതിക്രമിച്ചു കയറി 15 കസേരകള്‍ അടിച്ചു തകര്‍ത്തു. പുറത്തുണ്ടായിരുന്ന കൊടിമരം തകര്‍ത്ത് കൊടി കീറിയെറിഞ്ഞു. ബോര്‍ഡ്, ബാനര്‍ ഉള്‍പ്പെടെയുള്ള പ്രചാരണ സാമഗ്രികളും നശിപ്പിച്ചു.
ബ്രാഞ്ച് സെക്രട്ടറി എം.രാജീവന്റെ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി പെരിയയിലുണ്ടായ രാഷ്ട്രീയ അക്രമത്തിന്റെ തുടര്‍ച്ചയാണിതെന്നു കരുതുന്നു. അക്രമ വിവരമറിഞ്ഞ് സിപിഎം സംസ്ഥാന സമിതി അംഗം കെ.പി.സതീഷ് ചന്ദ്രന്, സിഐടിയു സംസ്ഥാന സമിതി അംഗം കെ.ബാലകൃഷ്ണന്, നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം പാറക്കോല്‍ രാജന്, നീലേശ്വരം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി പി.പി.മുഹമ്മദ് റാഫി, ലോക്കല്‍ കമ്മിറ്റി അംഗം എ.കെ.കുഞ്ഞിക്കൃഷ്ണന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്ത് സമാധാനം നിലനിര്‍ത്തണമെന്നും അക്രമം അവസാനിപ്പിക്കണമെന്നും ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അക്രമത്തെ ജനാധിപത്യ വിശ്വാസികള്‍ തള്ളിപ്പറയണമെന്നും ആവശ്യമുന്നയിച്ചു.
No comments
Post a Comment