കേരളീയ യുവത്വത്തെ ലോകത്തെ ഏറ്റവും മികച്ച തൊഴില്‍ ശക്തിയാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍
കേരളീയ യുവത്വത്തെ ലോകത്തെ ഏറ്റവും മികച്ച തൊഴില്‍ ശക്തിയാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇന്ത്യ സ്‌കില്‍സ് കേരള 2020 ത്രിദിന നൈപുണ്യമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിരവധി വിദ്യാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ട് എത്തിയത്.
പഠനത്തിനൊപ്പം വിദ്യാര്‍ത്ഥികളുടെ നൈപുണ്യ ശേഷി പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കുകയാണ് ഇന്ത്യ സ്‌കില്‍സ് കേരള 2020 നൈപുണ്യോത്സവം. ജില്ലാ, മേഖലാതല മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 253 പേരാണ് 39 ഇനങ്ങളിലായി കഴിവ് തെളിയിക്കാന്‍ എത്തിയത്. മത്സരാര്‍ത്ഥികളുടെ പരേഡ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്തു. നൈപുണ്യ വികസനം ലക്ഷ്യമാക്കിയുള്ള സംസ്ഥാന നൈപുണ്യ നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
78 ലക്ഷം രൂപയാണ് മേളയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് സമ്മാനത്തുകയായി നല്‍കുന്നത്. സംസ്ഥാന നൈപുണ്യ മേളയില്‍ പങ്കെടുത്ത് ദേശീയ മത്സരങ്ങളിലും കഴിവ് തെളിയിക്കുന്നവര്‍ക്ക് ചൈനയില്‍ നടക്കുന്ന വേള്‍ഡ് സ്‌കില്‍സ് മത്സരങ്ങളിലും പങ്കെടുക്കാനാവും.
No comments
Post a Comment