വാളയാര്‍ കേസ്: പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയതായി കുട്ടികളുടെ മാതാപിതാക്കളുടെ മൊഴി
തിരുവനന്തപുരം: വാളയാര്‍ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയതായി കുട്ടികളുടെ മാതാപിതാക്കളുടെ മൊഴി. വാളയാര്‍ കേസിലെ വീഴ്ച പരിശോധിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മുന്നിലാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇന്ന് മൊഴി നല്‍കിയത്. പാലക്കാട് നടന്ന സിറ്റിംഗില്‍ മുന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവനും മൊഴി നല്‍കാനെത്തി.
വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ മരിച്ച സംഭവം അന്വേഷിക്കുന്നതില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. ആദ്യത്തെ പെണ്‍കുട്ടി മരിച്ചപ്പോള്‍ കേസ് അന്വേഷിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയതാണ് രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് മാതാപിതാക്കള്‍ കമ്മീഷനോട് പറഞ്ഞു.കേസ് കോടതിയില്‍ വാദിക്കുന്നതില്‍ പ്രോസിക്യൂഷനും വീഴ്ച പറ്റിയതായും മൊഴിയില്‍ പറയുന്നു. കേസില്‍ ഇടക്കാലത്ത് ഹാജരായ മുന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവനില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട് മറ്റ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജില്‍ നിന്നും കമ്മീഷന്‍ മുന്‍പ് മൊഴിയെടുത്തിരുന്നു.
No comments
Post a Comment