Header Ads

  • Breaking News

    വോട്ടർ പട്ടിക: തെരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും



    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തെരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതി വിധി നടപ്പാക്കുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കമ്മീഷന്‍ കോടതിയെ അറിയിക്കും. 

    തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍പട്ടിക അംഗീകരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ ആവശ്യപ്പെടുക. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കമ്മീഷന്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. നിശ്ചിത സമയത്തിനുള്ളില്‍ തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതു കമ്മിഷനു വെല്ലുവിളിയായിട്ടുണ്ട്. 25,000 ബൂത്തുകളിലും ആളെ നിയമിച്ചു വോട്ടര്‍മാരുടെ പേരു വിവരങ്ങള്‍ സ്ഥിരീകരിക്കേണ്ടതുണ്ട്. വാര്‍ഡ് പുനര്‍വിഭജനം വോട്ടര്‍പട്ടിക പരിഷ്കരണത്തെ ബാധിക്കുമോയെന്ന ആശങ്കയും ഉണ്ട്.

    2019ലെ വോട്ടര്‍പട്ടിക ഉപയോഗിക്കണമെങ്കില്‍ ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക വാര്‍ഡ് അടിസഥാനത്തിലാക്കണം. ഇതിന് ഓരോ വോട്ടറുടെയും വിട്ടിലെത്തി ആ വാര്‍ഡിലെ അംഗമാണെന്ന് ഉറപ്പ് വരുത്തണം. 25,000 ബൂത്തുകളില്‍ ഈ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനായി 10 കോടിയോളം രൂപ ചെലവു വരും. വാര്‍ഡ് വിഭജനമാണു കമ്മിഷനു മുന്നിലെ മറ്റൊരു വെല്ലുവിളി. ആക്ഷേപങ്ങള്‍ കേട്ടു പരാതികള്‍ പരിഹരിച്ച ശേഷമേ അന്തിമ വാര്‍‍ഡു പട്ടിക പ്രസിദ്ധീകരിക്കാന്‍ സാധിക്കൂ. ഇതിന് 5 മാസമെങ്കിലും വേണ്ടിവരും.

    No comments

    Post Top Ad

    Post Bottom Ad