തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികളിൽ ആശങ്ക വേണ്ട; റവന്യുമന്ത്രി
തിരുവനന്തപുരം: തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികളിൽ ആശങ്ക വേണ്ടെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ. ഒറ്റ തണ്ടപ്പേരിലേക്ക് കൈവശമുള്ള എല്ലാ ഭൂമിയും മാറുന്നതോടെ കൃത്യത ഉറപ്പാകും. ഭൂമിയെ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമല്ലെന്നും എന്നാൽ, വിയോജിക്കുന്നവർ കാരണം അറിയിക്കണമെന്നും റവന്യുമന്ത്രി പറഞ്ഞു.
തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികൾക്ക് അംഗീകാരം നൽകി കൊണ്ട് ഇന്നലെയാണ് സർക്കാർ ഉത്തരവിറക്കിയത്. ഭൂരേഖകളും ആധാർ നമ്പറും റവന്യു സോഫ്റ്റ്‍ വെയറായ റിലീസിൽ ബന്ധിപ്പിക്കുന്നതിലൂടെ ഭൂമി ഇടപാടുകൾക്ക് സുത്യാര്യത വരികയും തട്ടിപ്പുകൾ കുറക്കുകയുമാണ് നടപടിയുടെ പ്രധാന ലക്ഷ്യം. വ്യക്തിക്ക് കൈവശം വയ്ക്കാനാകുക പരമാവധി ഏഴര ഏക്കർ ഭൂമിയാണ്. വിവിധ തണ്ടപ്പേരിലുള്ള ഭൂമികൾക്ക് ആധാർ ബന്ധിപ്പിക്കുന്നതോടെ സംസ്ഥാനത്ത് എവിടെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേരിലേക്ക് മാറും. പരിധിയിൽ കഴിഞ്ഞ് ഭൂമിയുള്ളവർക്ക് പിടിവീഴും. എന്നാല്‍, എന്ന് മുതൽ നടപടികൾ തുടങ്ങും എന്നതിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇതിനായുള്ള നടപടികൾ നിലവിലെ ഭൂമി രജിസ്ട്രേഷനെ ബാധിക്കില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. സോഫ്റ്റ്‍ വെയർ പരിഷ്ക്കരിച്ചതിന് ശേഷം ഭൂവുടമകൾക്കായി മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കും.
No comments
Post a Comment