ഇനി വനിതാപോലീസും കേസന്വേഷിക്കും
കോട്ടയം:
സംസ്ഥാനത്ത് സ്വതന്ത്ര കേസന്വേഷണങ്ങള്‍ക്ക് ഇനി വനിതാ പോലീസ് ഓഫീസര്‍മാരും നേതൃത്വം നല്‍കും. ഐ.പി.എസ്. ഇതരവിഭാഗത്തിലെ വനിതാ ഒാഫീസര്‍മാര്‍ക്ക് ഇൗ ചുമതല നല്‍കുന്നത് ആദ്യമായാണ്.
എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട പത്ത് സ്റ്റേഷനുകളില്‍ മൂന്നുതരം കേസുകളുടെ അന്വേഷണച്ചുമതല ഇവര്‍ക്കായിരിക്കും. ഒരു സ്റ്റേഷനില്‍ നാലുവീതം പോക്സോ, ലൈംഗികപീഡനം, രണ്ട് സ്ത്രീധനപീഡനം എന്നിവയുടെ അന്വേഷണച്ചുമതലയാണ് നല്‍കുക.
ഗൗരവമായ കേസന്വേഷണങ്ങളില്‍ വനിതാ ഓഫീസര്‍മാരെ ഉപയോഗിക്കുന്നില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തെത്തുടര്‍ന്നാണ് തീരുമാനം. സംസ്ഥാനത്ത് പത്ത് സ്ത്രീ പോലീസ് സ്റ്റേഷനുകളുണ്ട്. 19 പോലീസ് ജില്ലകളിലെ സ്റ്റേഷനുകള്‍, വനിതാ സെല്ലുകള്‍ എന്നിവിടങ്ങളില്‍ എസ്.ഐ., സി.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥകളുണ്ടെങ്കിലും അന്വേഷണങ്ങളുടെ സ്വതന്ത്ര ചുമതല നല്‍കാറില്ല.
പുരുഷ എസ്.എച്ച്.ഒ.മാരെ സഹായിക്കുക മാത്രമാണ് ചെയ്യാറ്. ഇനി ഏതെങ്കിലും സ്റ്റേഷനുകളില്‍ വനിതാ സി.ഐ., എസ്.ഐ.മാരില്ലെങ്കില്‍ അന്വേഷണസംഘത്തില്‍ കൂടുതല്‍ വനിതാ പോലീസുകാരെ ഉള്‍പ്പെടുത്തണമെന്നാണു ചട്ടം. സ്ത്രീകള്‍ ഉള്‍പ്പെടുന്ന കേസുകളുടെ അന്വേഷണങ്ങള്‍ക്ക് സ്ത്രീ അന്വേഷകരുടെ സാന്നിധ്യം നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്നാണു പ്രതീക്ഷ.
No comments
Post a Comment