സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്ന് ചൂട് കനക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്ന് കനത്ത ചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്. താപനില രണ്ടു മുതല്‍ മൂന്നു വരെ ഡിഗ്രി സെല്‍ഷസ് കൂടി 38 ഡിഗ്രിക്കു മുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാല്‍ പകല്‍ താപനിലയില്‍ വലിയ വര്ധനയുണ്ടാകാമെന്നാണു മുന്നറിയിപ്പ്.
ചൂടു കൂടുന്ന സാഹചര്യം കണക്കിലെടുത്തു ദുരന്തനിവാരണ അതോറിറ്റി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിര്‍ജലീകരണം, സൂര്യാതപം, സൂര്യാഘാതം എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം. പകല്‍ സമയത്ത് മദ്യം പോലെയുള്ള ലഹരി പാനീയങ്ങള്‍ ഒഴിവാക്കണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റു രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ പകല്‍ 11 മുതല്‍ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നും മുന്നറിയിപ്പില്‍ നിര്‍ദേശിക്കുന്നു. മഴ കുറവായതും മേഘാവരണം ഇല്ലാത്തതുമാണ് ചൂട് ഉയരാന്‍ കാരണം.
No comments
Post a Comment