Header Ads

  • Breaking News

    ദേവനന്ദയുടെ മരണം: അതേ സ്ഥലത്ത് 10 വര്‍ഷത്തില്‍ മരിച്ചത് 5 പേര്‍; അന്വേഷണം ശരി


    ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുന്നതിൽ നടന്ന പൊലീസ് അന്വേഷണം ശരിയായ ദിശയിലായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേവനന്ദയുടെ വിയോഗവുമായ ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ സമർപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

    കുഞ്ഞിനെ കാണാനില്ലെന്ന പരാതി ലഭിച്ചതു മുതൽ പൊലീസ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളാകെ കണ്ടെത്തുന്നതിനുള്ള എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് ഉറക്കമിളച്ചാണ് പ്രവർത്തിച്ചത്. സർക്കാരും ഓരോ ഘട്ടത്തിലും ആ നാടിന്‍റെയും ആ കുടുംബത്തിന്‍റേയും ഉത്കണ്ഠ പങ്കിട്ടുകൊണ്ടാണിരുന്നു. ഏതുവിധേനയും കുഞ്ഞിനെ ജീവനോടെ കണ്ടെത്തുവാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടും അതിന് മേല്‍നോട്ടം വഹിച്ചുകൊണ്ടുമാണ് സർക്കാർ സംവിധാനങ്ങൾ പ്രവർത്തിച്ചെതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    പല ഊഹാപോഹങ്ങളും അനുമാനങ്ങളും ഈ സംഭവത്തെ തുടര്‍ന്നുണ്ടായി. എന്നാല്‍ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലേ പൊലീസിനു നീങ്ങാനാവൂ. ശാസ്ത്രീയമായ അന്വേഷണ വഴിയില്‍ പൊലീസ് തന്നെ ഒടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. അടിയൊഴുക്കുള്ള സ്ഥലമാണ് ആ ബണ്ട്. കനാല്‍ തുറന്നിരുന്നതിനാല്‍ വലിയ ശക്തിയില്‍ ജലപ്രവാഹമുണ്ടായിരുന്നു. ഈ സ്ഥലത്ത് പത്തുവര്‍ഷത്തിനുള്ളില്‍ അഞ്ചുപേര്‍ മരണപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍ അപായകരമായ സ്ഥാനമാണിത്. അവിടെ വള്ളിക്കിടയില്‍ കുഞ്ഞിന്‍റെ മൃതദേഹം കുടുങ്ങിക്കിടന്നതു കണ്ടെത്തിയതില്‍ നിന്നുതന്നെ പൊലീസിന്‍റെ അന്വേഷണ വഴികള്‍ ശരിയായിരുന്നു എന്നു തെളിയുന്നുണ്ട്.

    27-ന് കാലത്ത് കാണാതായ വിവരമറിഞ്ഞയുടന്‍തന്നെ പൊലീസ്-ഫയര്‍ സെക്യൂരിറ്റി വിഭാഗങ്ങൾ അന്വേഷണം കേന്ദ്രീകരിച്ചത് ഇവിടെ തന്നെയാണ്. പിന്നീട് വളരെ സാമര്‍ത്ഥ്യമുള്ള പൊലീസ് നായ തലേദിവസം ദേവനന്ദ ധരിച്ചിരുന്ന വസ്ത്രം മണത്തിട്ട് നേരേ പോയത് വള്ളക്കടവിലേക്കു തന്നെ. അവിടെ അതിന്‍റെ വഴി അടഞ്ഞു. തുടര്‍ന്ന് അവിടം കേന്ദ്രീകരിച്ച് അന്വേഷിക്കുകയായിരുന്നു. 28-ന് രാവിലെ അഞ്ചു മണിക്ക് പൊലീസിന്‍റെയും അഗ്നിശമന സേനയുടെയും കോസ്റ്റല്‍ വാര്‍ഡന്‍മാരുടെയും സഹായത്തോടെ പള്ളമണ്‍ ആറില്‍ വീണ്ടും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ പള്ളിമണ്‍ ആറിലെ തടത്തില്‍മുക്കില്‍ നടന്ന തിരച്ചിലില്‍ 400 മീറ്റര്‍ മാറിയ ഭാഗത്ത് ദേവനന്ദയുടെ ദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞു. രക്ഷാകര്‍ത്താക്കളും തിരിച്ചറിഞ്ഞു.

    കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഉടന്‍തന്നെ വയര്‍ലസ് സന്ദേശം മുഖാന്തരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും റയില്‍ അലര്‍ട്ടുകളിലേക്കും ജാഗ്രതാ സന്ദേശങ്ങള്‍ അയച്ചു. കേന്ദ്ര വെബ് പോര്‍ട്ടലായ ട്രാക്ക് ചൈല്‍ഡില്‍ വിവരം നല്‍കി. വാട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെയും വിവരങ്ങള്‍ നല്‍കി. കുഞ്ഞിന്‍റെ ചിത്രങ്ങളും അടയാളങ്ങളും പ്രചരിപ്പിച്ചു. സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി എന്നര്‍ത്ഥം. 13 അംഗ അന്വേഷണസംഘം രൂപീകരിച്ചു. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അമ്പതോളം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി തിരച്ചില്‍ നടത്തി. ഡോഗ് സ്ക്വോഡ്, സയന്‍റിഫിക് എക്സ്പെര്‍ട്ട്, ഫിംഗര്‍ പ്രിന്‍റ് എക്സ്പെര്‍ട്ട് എന്നിവരുടെ സേവനങ്ങള്‍ ഉപയോഗിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. വീടിനു സമീപത്തൂടെ ഒഴുകുന്ന പള്ളിമണ്‍ ആറില്‍ ഫയര്‍ഫോഴ്സ് സേനാംഗങ്ങളുടെ സേവനം ഉപയോഗിച്ച് തിരച്ചില്‍ നടത്തി.

    സയന്‍റിഫിക് എക്സ്പര്‍ട്ട്, ഫിംഗര്‍പ്രിന്‍റ് എക്സ്പര്‍ട്ട്, ഫോട്ടോഗ്രാഫര്‍ എന്നിവരുടെ സഹായത്തോടെ ആവശ്യമായ തെളിവുകള്‍ ശേഖരിച്ച ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടർമാരെക്കൊണ്ട് പോസ്റ്റ്മോര്‍ട്ടം നടത്തി. മുങ്ങിമരണമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർ‌ട്ടിൽ രേഖപ്പെടുത്തിയിട്ടുളളത്. കൂടുതൽ വിവരങ്ങൾ ലാബ് റിപ്പോർട്ട് വന്നതിനു ശേഷം അറിയിക്കാമെന്നും പറഞ്ഞിട്ടുണ്ട്. കാണാതായ കുട്ടി ഏതെങ്കിലും തരത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് അറിയുന്നതിനായി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ദേവനന്ദയുടെ മൃതദേഹത്തില്‍ നിന്നും ശേഖരിച്ച തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കെമിക്കല്‍ എക്സാമിനേഷന്‍ ലബോറട്ടറി, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

    സഭയും സര്‍ക്കാരും കുടുംബത്തിനൊപ്പമുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി ഒറ്റപ്പെട്ട നിലയില്‍ കുഞ്ഞുങ്ങളെ കണ്ടാല്‍ ശ്രദ്ധിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. ഇനി ഇങ്ങനെയൊരു ദുരന്തം കേരളത്തിലുണ്ടാവാതിരിക്കാനുള്ള എല്ലാവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad