1000 പേരെ നിരീക്ഷണത്തിൽ കിടത്താനുള്ള കോവിഡ് കെയർ സെന്ററുകൾ തലശ്ശേരിയിൽ സജ്ജമാക്കുന്നു
ആയിരം പേരെ നിരീക്ഷണത്തിൽ കിടത്താനുള്ള കോവിഡ് കെയർ സെന്ററുകൾ തലശേരിയിൽ സജ്ജമാക്കുന്നതായി സബ്‌കലക്‌ടർ ആസിഫ് കെ യൂസഫും എ എൻ ഷംസീർ എംഎൽഎയും പറഞ്ഞു. എൻജനിയറിങ്ങ് കോളേജ് വിമൻസ് ഹോസ്‌റ്റൽ, നഴ്‌സിങ്ങ് കോളേജ് ഹോസ്‌റ്റൽ, മൗവ്വൻസ് ഹോസ്‌പിറ്റൽ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ കോവിഡ് കെയർ സെന്ററുകൾ ആരംഭിക്കുന്നത്. മെഡിക്കൽ ക്രൈസിസ് മാനേജ്‌മെന്റ് ടീമിന്റെ അവലോകനയോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
മാങ്ങാട്ട്‌പറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയും പരിയാരം മെഡിക്കൽ കോളേജും കോവിഡ് ബാധിതരുടെ ചികിത്സക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ തലശേരി ജനറൽആശുപത്രിയിൽ ഐസലേഷൻ സംവിധാനം മാത്രമേയുണ്ടാവൂ. കോവിഡ് പോസിറ്റിവാകുന്നവരെ പരിയാരത്തേക്കോ മാങ്ങാട്ട്‌പറമ്പിലേക്കോ മാറ്റും. ജനറൽആശുപത്രിയിലെ ഡൊക്‌ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ താമസത്തിനായി ടൗണിലെ വിവിധ ലോഡ്‌ജുകൾ ഏറ്റെടുക്കും.
കെയർ ആന്റ് ക്യൂറും ഡിവൈഎഫ്ഐയും ഭക്ഷണം നൽകും
നറൽആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കും കോവിഡ്‌ബാധിതർക്കും രോഗികൾക്കും രാവിലെയും രാത്രിയുമുള്ള ഭക്ഷണം കെയർ ആന്റ് ക്യൂർ ഫൗണ്ടേഷൻ നൽകും. മുഴുവൻ രോഗികൾക്കും ജീവനക്കാർക്കും ഉച്ച ഭക്ഷണം ഡിവൈഎഫ്‌ഐ ഏർപ്പാട് ചെയ്യും. ഭക്ഷ്യവസ്‌തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുമെന്നും ജനങ്ങൾ ഒരുവിധത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും സബ്‌കലക്‌ടർ പറഞ്ഞു.
കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തലശേരിയിൽ രൂപീകരിച്ച മെഡിക്കൽ ക്രൈസിസ് മാനേജ്‌മെന്റ് ടീം വിപുലീകരിച്ചു. നിലവിലുള്ള അംഗങ്ങൾക്ക്‌പുറമെ ഐഎംഎ തലശേരി ശാഖ പ്രസിഡന്റ് ഡോ പി ബി സജീവ്‌കുമാർ, സെക്രട്ടറി ഡോ ജയകൃഷ്‌ണൻ നമ്പ്യാർ എന്നിവരെ ഉൾപ്പെടുത്തി വിപുലീകരിച്ചു. ദിവസവും രാവിലെ 9ന് സബ്‌കലക്‌ടുടെ ചേമ്പറിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. എംസിസി ഡയരക്‌ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം, ജനറൽ ആശുപത്രി ആർഎം ഒ ഡോ. ജിതിൻ, ഡോ. വിജുമോൻ, ഡോ. കെ ഇ ശരത്, ഡോ. ബിജോയ്, സി ഐ കെ സനൽകുമാർ എന്നിവരും പങ്കെടുത്തു.
കോവിഡിനെതിരായ യുദ്ധത്തിൽ അവർക്കും പങ്കെടുക്കാം
തലശേരി
കോവിഡിനെതിരായ യുദ്ധത്തിൽ സ്വയം സന്നദ്ധതയോടെ മുന്നോട്ട് വരുന്ന ആയുഷ്, ഹോമിയോ, ദന്തൽ വിഭാഗത്തിലെ ഡൊക്‌ടർമാരെയും പാരാമെഡിക്കൽ സ്‌റ്റാഫിനെയും കരുതൽ സേനയായി സൂക്ഷിക്കും. സന്നദ്ധസേവനത്തിന് തയാറുള്ളവർക്ക് ഇപ്പോൾ തന്നെ കൺട്രോൾറൂമിൽ പേര് നൽകാം. ഭാവിയിൽ ആവശ്യമായ ഘട്ടത്തിൽ അവരെ കൂടി സേവനത്തിന് ഉപയോഗിക്കുമെന്ന് സബ്‌കലക്‌ടർ ആസിഫ് കെ യൂസഫ് അറിയിച്ചു.
ഫോൺ: 0490–-2343500.
No comments
Post a Comment