Header Ads

  • Breaking News

    കൊവിഡ് 19; മലപ്പുറത്തെ രോഗബാധിതരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

    മലപ്പുറം ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് പുറത്തിറക്കി. ഇവരുമായി സമ്പർക്കം പുലർത്തിയ മുഴുവൻ പേരും ജില്ലാ ഭരണകൂടത്തിന്റെ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. രോഗികളുമായി സമ്പർക്കം പുലർത്തിയവരുടെ എണ്ണം 800 കടക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മലപ്പുറം വണ്ടൂരിലും അരീക്കോടും കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു. അരീക്കോട് സ്വദേശിനിക്കൊപ്പം യാത്ര ചെയ്തതും സമ്പർക്കം പുലർത്തിയതുമടക്കം നാല് പഞ്ചായത്തുകളിലെ 300 പേരുടെ പട്ടിക തയാറായി. വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയ ആറ് പഞ്ചായത്തുകളിലെ 522 പേരാണ് പട്ടികയിലുള്ളത്. വാണിയമ്പലം സ്വദേശിനി ആദ്യം പരിശോധനക്കെത്തിയ സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യ പ്രവർത്തകരും അരീക്കോട് സ്വദേശിനി നെടുമ്പാശേരി മുതൽ കരിപ്പൂർ ഹജ്ജ് ഹൗസ് വരെ യാത്ര ചെയ്ത ബസിലെ 40 സഹയാത്രികരും നിരീക്ഷണത്തിലാണ്.
    രോഗബാധിതർ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രത്യേക നിരീക്ഷണത്തിലാണ്. രണ്ട് പേരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിച്ചു. അതിനിടെ മലപ്പുറം പൊന്നാനിയിൽ വിലക്ക് ലംഘിച്ച് സ്വലാത്ത് ചടങ്ങ് നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. പുതുപൊന്നാനി തർബിയത്തുൽ ഇസ്ലാമിക് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾക്കെതിരെയാണ് കേസെടുത്തത്.




    No comments

    Post Top Ad

    Post Bottom Ad