കോവിഡ് -19 ന്റെ ഭാഗമായി നിരീക്ഷണത്തിലിരിക്കുന്ന എല്ലാവരുടെയും രക്തസാമ്പിള്‍ എടുത്ത് റാപ്പിഡ് ടെസ്റ്റ് നടത്താൻ തീരുമാനം
തിരുവനന്തപുരം :കോവിഡ് -19 ന്റെ ഭാഗമായി നിരീക്ഷണത്തിലിരിക്കുന്ന എല്ലാവരുടെയും രക്തസാമ്പിള്‍ എടുത്ത് റാപ്പിഡ് ടെസ്റ്റ് നടത്തും. വേഗത്തില്‍ ഫലമറിയാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. സമൂഹ വ്യാപനം കണ്ടെത്താനാണ് ഈ രീതി.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിക്കും. റെസ്പിറേറ്റേറുകള്‍, വെന്‍റിലേറ്ററുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ കവചങ്ങളുടെയും, എന്‍ 95 മാസ്ക്, ഓക്സിജന്‍ സിലിണ്ടറുകള്‍, ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് വിവിധതലത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ ഉപകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിന് കഞ്ചിക്കോട്ട് വ്യവസായ സംരംഭകരുടെ ക്ലസ്റ്റര്‍ രൂപീകരിക്കും. മോഡലുകള്‍ വികസിപ്പിക്കുന്നതില്‍ ഫാബ് ലാബിനൊപ്പം വിഎസ്എസ്സിയുടെ സൗകര്യവും പ്രയോജനപ്പെടുത്തും.
കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് നൂതനാശയങ്ങള്‍ സമര്‍പ്പിക്കാന്‍ ‘ബ്രേക്ക് കൊറോണ’ പദ്ധതിയും ആരംഭിച്ചു. ഇതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ http://www.breakcorona.in എന്ന വെബ്സൈറ്റ് സജ്ജീകരിച്ചു. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുള്ള പിന്തുണ, സമൂഹ രോഗബാധ തടയല്‍, മാസ്കുകളും കൈയുറകളും ഉല്‍പാദിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, ലോക് ഡൗണ്‍ സംവിധാനത്തില്‍ തൊഴിലവസരവും വരുമാനവും സൃഷ്ടിക്കല്‍ എന്നിങ്ങനെയുള്ള ആശയങ്ങളാണ് പ്രതീക്ഷിക്കുന്നത്. വിദഗ്ധരുടെ പാനല്‍ ഇവ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.
No comments
Post a Comment