വെടിയുണ്ടകൾ കാണാതായത് യുഡിഎഫിന്റെ കാലത്ത് : മുഖ്യമന്ത്രി
തിരുവനന്തപുരം:
സംസ്ഥാന പോലീസിന്റെ അഴിമതി സംബന്ധിച്ച സിഎജി റിപ്പോർട്ടും പ്രതിപക്ഷ ആരോപണവും പൂര്‍ണ്ണമായും തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി. വെടിയുണ്ടകൾ കാണാതായത് യു ഡി എഫിന്റെ കാലത്താണെന്നും അന്ന് അത് മൂടി വച്ചെന്നും അദ്ദേഹം നിയമസഭയിൽ ആരോപിച്ചു .
കേസിൽ ഫലപ്രദമായ അന്വേഷണം നടക്കുകയാണ് . സി എ ജി റിപ്പോർട്ട് ചോർന്നത് ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി ചോദ്യോത്തര വേളയിൽ വ്യക്തമാക്കി . ഇതിനു പിന്നാലെ പൊലീസ് അഴിമതി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിന്തര പ്രമേയത്തിന് നോട്ടീസ് നൽകി .
എന്നാൽ ,സിഎജി കണ്ടെത്തലുകളും പ്രതിപക്ഷ ആരോപണങ്ങളും പൂര്‍ണ്ണമായും മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കളയുകയാണ് ചെയ്തത് . ടെണ്ടര്‍ വിളിച്ചശേഷമാണ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയത് . കുറഞ്ഞ തുക വാഗ്ദാനം ചെയ്ത സ്ഥാപനത്തിൽ നിന്നുമാണ് വാഹനം വാങ്ങിയത് . ഓപ്പൺ ടെണ്ടര്‍ വിളിക്കാത്തത് സുരക്ഷ മുൻ നിർത്തിയാണ്. ആറ് വാഹന നിർമ്മാതാക്കൾ താൽപര്യം കാട്ടിയിരുന്നു, കുറഞ്ഞ തുക ആയതു കൊണ്ടാണ് നിലവിലുള്ള വാഹനം വാങ്ങിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു .
ഡിജിപി മാർക്ക് സ്വന്തമായി ഔദ്യോഗിക വസതി ഇല്ലായിരുന്നു. അതുകൊണ്ടാണ് വില്ലാ പ്രൊജക്റ്റ് നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി . അതേസമയം ,കെൽട്രോണിനെ മറയാക്കി അഴിമതി നടത്തുകയാണ് ഡിജിപി ലോക്നാഥ് ബെഹ്റയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഗാലക്സോൺ തട്ടിപ്പ് കമ്പനിയാണെന്നും മൂന്നിൽ രണ്ട് ഡയറക്ടര്‍മാരും കരിമ്പട്ടികയിൽ പെട്ടവരാണെന്നും പ്രതിപക്ഷത്തിന് വേണ്ടി അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പിടി തോമസ് ആരോപിച്ചു.
No comments
Post a Comment