സ്ഥാപനങ്ങൾ അടച്ചിട്ടാലും തൊഴിലുടമകൾ ശമ്പളം നൽകണമെന്ന് തൊഴില്‍ മന്ത്രി
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സ്ഥാപനങ്ങൾ അടച്ചിട്ടാലും തൊഴിലുടമകൾ ശമ്പളം നൽകണമെന്ന് സർക്കാർ നിർദേശം. ഓരോ മേഖലയിലേയും പ്രാധാന്യം കണക്കാക്കി തീരുമാനമെടുക്കാനാണ് നിർദേശം നൽകിയിട്ടുള്ളതെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ജീവനക്കാർ പട്ടിണിയിലാകുന്നത് ഒഴിവാക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു.
കൊറോണബാധയെ തുടർന്ന് പല തൊഴിൽ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. തൊഴിൽ ഇല്ലാത്തതിനാൽ ശമ്പളം ലഭിക്കാത്ത സാഹചര്യമാണുള്ളത്. അതിനാൽ തൊഴിലാളികളെ സഹായിക്കാൻ തൊഴിലുടമകൾ പരമാവധി തയാറാകണമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. ജോലി ഇല്ലാതിരിക്കുമ്പോൾ വരുമാനം നഷ്ടപ്പെടുന്നു. ഈ സാഹചര്യത്തിൽ സ്ഥാപനം പ്രവർത്തിച്ചില്ലെങ്കിലും ശമ്പളം നൽകണമെന്ന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചില മെഷീനുകളുടെ പ്രവർത്തനം നിർത്താൻ കഴിയില്ല. അത്തരം സ്ഥാപനങ്ങളിൽ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കർശനമായ സുരക്ഷാക്രമീകരണത്തോടെയാകും ഇവ പ്രവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
No comments
Post a Comment