നവീകരിച്ച ചെറുകുന്ന് ഗവ. ആയുർവേദ ആശുപത്രി നാടിന് സമർപ്പിച്ചു
ചെറുകുന്ന്:
താവം ഗവ. ആയുർവേദ ആശുപത്രിയുടെ നവീകരിച്ച കെട്ടിടം ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്‌തു. ഒരുകോടി രൂപയുടെ നവീകരണമാണ് നടത്തിയത്. ആധുനിക വാർഡുകൾ, ചികിത്സാ മുറികൾ, യോഗാ ഹാൾ, ലൈബ്രറി, റീഡിങ് റൂം, ഗാർഡൻ, ഔഷധത്തോട്ടം, നടപ്പാത, അയുർവേദ മ്യൂസിയം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാർഡുകൾ ഉൾപ്പടെയുള്ള മുറികളിൽ ശീതീകരണ സൗകര്യങ്ങൾ ഏർപ്പെടുത്തി. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക യോഗാ പരിശീലനം നടത്താനും സൗകര്യമുണ്ട്. നിർമിതിയാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. ടി വി രാജേഷ് എംഎൽഎ അധ്യക്ഷനായി. യോഗാ ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യയും വായനമുറിയുടെ ഉദ്ഘാടനം കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീതയും ലൈബ്രറി ഉദ്ഘാടനം ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി കെ ഹസൻകുഞ്ഞി നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം അൻസാരി തില്ലങ്കേരി നാഷണൽ ആയുഷ്‌മിഷൻ എസ്‌പിഎം ഡോ. എം സുഭാഷ്, ഡിപിഎം ഡോ. കെ സി അജിത്കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ എസ് ആർ ബിന്ദു, താവം ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ബേബി സുഭദ്ര, സംഘാടക സമിതി കൺവീനർ കെ മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ആശുപത്രി ജീവനക്കാരൻ സജി വർഗീസിന്റെ കഥാ സമാഹാരം ഡോ. ബേബി സുഭദ്രക്ക് മന്ത്രി കൈമാറി.
No comments
Post a Comment