Header Ads

  • Breaking News

    അനാവശ്യമായി പുറത്തിറങ്ങിയാൽ ഇനി കടുത്ത നടപടി: വാഹനങ്ങളുടെ റജിസ്ട്രേഷന്‍ റദ്ദാക്കും


    ലോക്ഡൗണിലെ അനാവശ്യയാത്ര തടയാന്‍ പൊലീസിന്‍റെ കടുത്ത നടപടി. അനാവശ്യമായി തുടര്‍ച്ചയായി റോഡിലിറങ്ങുന്ന വാഹനങ്ങളുടെ റജിസ്ട്രേഷന്‍ റദ്ദാക്കും. ഒരു തവണ തിരിച്ചയച്ച ശേഷവും യാത്ര തുടര്‍ന്നാലാണ് നടപടി.
    സമ്പൂര്‍ണ ലോക് ഡൗണിന്റെ രണ്ടാം ദിനവും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പെടാപ്പാടുമായി പൊലീസും ജില്ലാ ഭരണകൂടങ്ങളും. നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഒട്ടേറെപ്പേര്‍ ഇന്നും അനാവശ്യയാത്രക്കിറങ്ങി. ഇത്തരക്കാരെ തടഞ്ഞ് തിരിച്ചയച്ചതിനൊപ്പം നൂറിലേറെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കണ്ണൂരില്‍ 69 പേരെ അറസ്റ്റ് ചെയ്തു. യാത്രക്ക് പാസ് എടുക്കണമെന്ന നിര്‍ദേശത്തില്‍ നിന്ന് കൂടുതല്‍ അവശ്യവിഭാഗങ്ങളെ ഒഴിവാക്കി പൊലീസ് ഉത്തരവിറക്കി.
    ഭൂരിഭാഗം പേരും കാഴ്ചകാണാനും തമാശയ്ക്കും വണ്ടിയെടുത്തിറങ്ങിയവരാണ്. ഒടുവില്‍ പൊലീസ് നടപടി കടുപ്പിച്ചു. ഒന്നെങ്കില്‍ പൊലീസ് നിര്‍ദേശിക്കുന്ന സത്യവാങ്മൂലം കൈവശം വയ്ക്കണം. അല്ലങ്കില്‍ അവശ്യവിഭാഗത്തിലെ ജോലിയെന്ന് തെളിയിക്കുന്ന തിരിച്ചറിയില്‍ കാര്‍ഡ് കാണിക്കണം. ഇത് രണ്ടുമില്ലാത്തവരെ തടയും തിരിച്ചയക്കും. ആശുപത്രി, മെഡിക്കല്‍ ഷോപ്പ്, ഡാറ്റാ സെന്റര്‍, ഓണ്‍ലൈന്‍ ഭക്ഷണവിതരണം, പെട്രോള്‍ ബങ്ക്, പാചകവാതകവിതരണം തുടങ്ങിയ ജീവനക്കാര്‍ക്ക് അവരുടെ സ്ഥാപനത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചും യാത്രയാകാം.

    കണ്ണൂരില്‍ റൂട്ട് മാര്‍ച്ച് നടത്തിയ പൊലീസ് വിലക്ക് ലംഘിച്ചിറങ്ങിയ വാഹനങ്ങളും പിടിച്ചെടുത്തു. കര്‍ശന നടപടികള്‍ക്കൊടുവില്‍ ഉച്ചയോടെ റോഡിലെ തിരക്ക് കുറയ്ക്കാനായെന്നതാണ് ഏക ആശ്വാസം. പൊലീസിന്റെയും സര്‍ക്കാരിന്റെയും നടപടികള്‍ നമ്മുടെ സുരക്ഷയ്ക്കാണെന്ന തിരിച്ചറിവ് ഇനിയും പലര്‍ക്കും വന്നിട്ടില്ലെന്നത് ആശങ്കയായി തുടരുന്നു.

    No comments

    Post Top Ad

    Post Bottom Ad