Header Ads

  • Breaking News

    സ്‌കൂള്‍ യാത്ര ഇനി സുഗമമാക്കാം: ആറളം ഫാം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു


    ആറളം ഫാം മേഖലയിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനും സ്‌കൂളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് ഫാം സ്‌കൂളിലെ 97 കുട്ടികള്‍ക്ക് സൈക്കിള്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒന്‍പത്, പത്ത് ക്ലാസ്സുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി വന്‍ വിജയമായിരുന്നു. അതിനാലാണ് ഇത്തവണ എട്ടാം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും സൈക്കിള്‍ നല്‍കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്.
    ഫാം സ്‌കൂളിലെ ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം യാത്രാ ക്ലേശമാണെന്ന് കണ്ടെത്തിയിരുന്നു. പുനരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ എത്താന്‍ പലപ്പോഴും കിലോമീറ്ററുകള്‍ നടക്കേണ്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം സൈക്കിള്‍ നല്‍കിയതോടെ സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവും പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കുറവും ഉണ്ടായിട്ടുണ്ട്.
    ചടങ്ങ് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരവും വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.


    ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, അംഗങ്ങളായ അജിത് മാട്ടൂല്‍, തോമസ് വര്‍ഗീസ്, പി പി ഷാജിര്‍, സെക്രട്ടറി വി ചന്ദ്രന്‍, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി നടുപ്പറമ്പില്‍, വൈസ് പ്രസിഡണ്ട് കെ വേലായുധന്‍, സ്ഥിരംസമിതി അധ്യക്ഷ ത്രേസ്യാമ്മ കൊങ്ങോല, എ ഇ ഒ വിജയലക്ഷ്മി പാലക്കുഴ, പ്രധാനാധ്യാപിക എന്‍ സുലോചന, പി ടി എ പ്രസിഡണ്ട് കെ ബി ഉത്തമന്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു

    No comments

    Post Top Ad

    Post Bottom Ad