അനുസരിച്ചില്ലെങ്കിൽ ഇനി വെടി വയ്ക്കും; ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാൽ ഷൂട്ട് അറ്റ് സൈറ്റ് പുറപ്പെടുവിക്കേണ്ടി വരുമെന്ന്
കൊറോണ ഭീഷണിയിൽ ഇന്ത്യയൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ലോക്ക്ഡൗൺ ചട്ടങ്ങൾ പാലിക്കാതെ ജനങ്ങൾ പുറത്തിറങ്ങി നടക്കുന്ന അവസ്ഥയാണ് പലയിടങ്ങളിലും. അതു കൊണ്ട് തന്നെ മറ്റ് കടുത്ത നടപടികളിലേക്ക് കടക്കാൻ ഒരുങ്ങിയിരിക്കുകയാണ് വിവിധ സംസഥാന സർക്കാരുകൾ. കൊറോണ വൈറസ് വ്യാപനം നേരിടാന്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിക്കേണ്ടി വരുമെന്നും കണ്ടാല്‍ വെടിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടിവരുമെന്നും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പറഞ്ഞു.
തെലങ്കാനയില്‍ 36 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 19,000 പേര്‍ നിരീക്ഷണത്തിലാണ്.അമേരിക്കയില്‍ ലോക്ഡൗണ്‍ നടപ്പാക്കാന്‍ സൈന്യത്തെ വിളിക്കേണ്ടി വന്നു. സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാന്‍ ജനങ്ങള്‍ തയാറാകുന്നില്ലെങ്കില്‍ നിലപാട് കടുപ്പിക്കേണ്ടി വരുമെന്നും റാവു പറഞ്ഞു. അത്തരം സാഹചര്യം ഉണ്ടാകാതെ കരുതേണ്ടതു ജനങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തു സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു റാവു കര്‍ശന നിലപാട് വ്യക്തമാക്കിയത്.
ഹൈദരാബാദിലെ എംഎല്‍എമാരും കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും രംഗത്തെത്തി ലോക്ഡൗണ്‍ നടപ്പാക്കാന്‍ പൊലീസിനെ സഹായിക്കണമെന്നും റാവു നിര്‍ദേശിച്ചു. സൈന്യത്തെ വിളിക്കാനും 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിക്കാനും കണ്ടാല്‍ വെടിവയ്ക്കാന്‍ ഉത്തരവിടാനുമുള്ള സാഹചര്യം ഒരു കാരണവശാലും സംജാതമാകാതിരിക്കട്ടെയെന്നും റാവു പ്രത്യാശിച്ചു. കൊറോണ ബാധ സംശയിച്ച് ഹോം ക്വാറന്റീനില്‍ കഴിയുന്നവരുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കാന്‍ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ചാല്‍ പാസ്‌പോര്‍ട്ട് റദ്ദാക്കും. 114 പേരുടെ പരിശോധനാഫലം ബുധനാഴ്ച ലഭിക്കുമെന്നും റാവു അറിയിച്ചു.
കൂടുതല്‍ വിലയ്ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. രാത്രി ഏഴു മണി മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യൂ. ഈ സമയത്ത് ഒരാളും പുറത്തിറങ്ങാന്‍ പാടില്ല. കടകള്‍ വൈകിട്ട് ആറു മണിക്കു തന്നെ അടച്ചിരിക്കണം. കൂടുതല്‍ തുറന്നിരിക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും റാവു മുന്നറിയിപ്പു നല്‍കി
No comments
Post a Comment