ആവേശ തിരയുയർത്തി സ്പോർട്സ് കേരള മാരത്തൺ
കണ്ണൂർ:
റണ്‍ ഫോര്‍ യൂനിറ്റി എന്ന സന്ദേശവുമായി കേരള കായികവകുപ്പ് കണ്ണൂരിൽ സംഘടിപ്പിച്ച സ്പോർട്സ് കേരള മാരത്തൺ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.മുതിർന്നവരും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ആയിരത്തോളം പേർ മത്സരങ്ങളിൽ പങ്കെടുത്തു.
ഐക്യവും സാഹോദര്യവും പുലര്‍ത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. കലക്ടറേറ്റ് മൈതാനിയില്‍ നടന്ന പരിപാടിയിൽ മത്സരങ്ങളുടെ ഫ്‌ളാഗ് ഓഫ് മന്ത്രിമാരായ ഇ പി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ചേർന്ന് നിർവഹിച്ചു. 21, 10, 5 കിലോമീറ്ററുകളിലായാണ് മത്സരങ്ങൾ നടന്നത്. ഒപ്പം 3 കിലോമീറ്റർ നടത്തമത്സരവും സംഘടിപ്പിച്ചു. ഇന്നലെ പുലർച്ചെ 5:30ന് ആരംഭിച്ച മത്സരങ്ങൾ എട്ടരയോടെ അവസാനിച്ചു. 21 കിലോമീറ്റര്‍ മാരത്തണ്‍ കലക്ടറേറ്റ് മൈതാനിയില്‍ നിന്നാരംഭിച്ച് പയ്യാമ്പലം ബീച്ച് വഴി തിരിച്ച് കലക്ടറേറ്റ് മൈതാനിയില്‍ തന്നെ സമാപിച്ചു. മറ്റു വിഭാഗങ്ങൾ കലക്ടറേറ്റ് മൈതാനിയില്‍ ആരംഭിച്ച് നഗരംചുറ്റി ആരംഭിച്ചിടത്തു തന്നെ സമാപിച്ചു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം മത്സരമാണ് നടത്തിയത്.
21 കിലോമീറ്റർ വിഭാഗത്തിൽ ആനന്ദ് കൃഷ്ണൻ, ആശ ടി പി എന്നിവർ ഒന്നാംസ്ഥാനം നേടി. 10 കിലോമീറ്റർ വിഭാഗത്തിൽ ഷെറിൻ ജോസ്, സ്റ്റെല്ല എന്നിവർ ഒന്നാം സ്ഥാനം നേടിയപ്പോൾ 5 കിലോമീറ്റർ വിഭാഗത്തിൽ വിഷ്ണു, അപർണ എന്നിവർ ഒന്നാം സ്ഥാനം നേടി. ഓരോ വിഭാഗത്തിലും ട്രോഫിയും ക്യാഷ് അവാർഡും നൽകി.
ഈ മാസം എട്ടിന് കോഴിക്കോട് ബീച്ചിലും 15ന് എറണാകുളം വെല്ലിങ്‌ടൺ ഐലൻഡിലും മിനി മാരത്തൺ നടക്കും. 22ന് തിരുവനന്തപുരം ശംഖുമുഖത്ത് മെഗാ മാരത്തൺ നടത്തും. മിനി മാരത്തണിൽ 3, 5, 10, 21 കിലോമീറ്ററുകളിലും മെഗാ മാരത്തണിൽ 3, 5, 10, 21, 42 കിലോമീറ്ററുകളിലുമാണ് മത്സരം. മെഗാ മാരത്തണിന് വിവിധ ഭാഗങ്ങളിലായി ആകെ പത്തുലക്ഷം രൂപയും മിനി മാരത്തണിന് രണ്ടുലക്ഷം രൂപയും സമ്മാനം നൽകും. പങ്കെടുക്കുന്നവർക്ക് ടി ഷർട്ടും ഫിനിഷ് ചെയ്യുന്നവർക്ക് മെഡലും നൽകും. ലഘുഭക്ഷണവും കുടിവെള്ളവും മെഡിക്കൽ സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്.
ليست هناك تعليقات
إرسال تعليق