കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷുകാരൻ ഉത്സവത്തിൽ പങ്കെടുത്ത വീഡിയോ പുറത്ത്; മേളത്തിനൊപ്പം തുള്ളുന്നതിനിടെ കൂടെ നിന്നവരെ കെട്ടിപ്പിടിത്തവും ഉമ്മവയ്ക്കലും, സമ്പർക്കം പുലർത്തിയവർ അധികൃതരെ ബന്ധപ്പെടാൻ നിർദേശം
തൃശൂർ:
കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ തൃശൂരിൽ കുട്ടനെല്ലൂർ പൂരത്തിൽ പങ്കെടുത്തതിന്റെ വീഡിയോ പുറത്ത്. കുട്ടനെല്ലൂരിൽ പെരുവനം കുട്ടൻമാരാരുടെ പ്രാമാണികത്വത്തിൽ മേളം നടക്കുന്പോഴാണ് ഇവർ എത്തിയത്. തുടർന്ന് നാട്ടുകാർക്കൊപ്പം സെൽഫിയുമെടുത്തു.
വിദേശികളുടെ സംഘവുമായി നിരവധി പേർ അടുത്തിടപഴകിയെന്ന് വ്യക്തമാണ്. പലരും സെൽഫി ഫോട്ടോകളും ടിക് ടോക്കുമൊക്കെ വാട്സാപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. മേളത്തിനിടെ ആളുകളെ കെട്ടിപ്പിടിക്കുന്നതും മറ്റും വീഡിയോയിൽ വ്യക്തമാണ്.
അതേസമയം കുട്ടനെല്ലൂരിൽ എത്തും മുൻപ് ഇയാൾ പാറമേക്കാവ് ക്ഷേത്രത്തിലും പോയിരുന്നു. ഗോപുരത്തിന് മുന്നിൽ ക്ഷേത്രം കാവൽക്കാരുമായി സംസാരിച്ച് തിരിച്ചുപോവുകയാണുണ്ടായത്. പതിനഞ്ച് മിനിറ്റോളം ഇവിടെ ചെലഴിച്ചതായാണ് സൂചന.
നഗരത്തിൽ വേറെ എവിടെയൊക്കെയാണ് പൂരമോ ഉത്സവമോ ഉള്ളതെന്ന് പാറമേക്കാവിലെ സെക്യൂരിറ്റിക്കാരോട് ചോദിച്ചറിഞ്ഞ ശേഷമാണ് ഇവർ കുട്ടനെല്ലൂരിലേക്ക് പോയത്. തൃശൂരിൽ അതിരപ്പിള്ളിയിലും ചെറുതുരുത്തിയിലും ബ്രിട്ടീഷ് പൗരനും സംഘവും സന്ദർശനം നടത്തിയതായി ഇന്നലെത്തന്നെ സ്ഥിരീകരിച്ചിരുന്നു. ഈ വിദേശികളുമായി സമ്പർക്കം പുലർത്തിയവരോ അവരുമായി അടുത്തിടപഴകിയവരോ ഉണ്ടെങ്കിൽ അടിയന്തരമായി കോവിഡ് കണ്ട്രോൾ റൂമിലെ ഫോണ് നമ്പറിൽ ബന്ധപ്പെടാൻ അധികൃതർ നിർദേശം നൽകി.
No comments
Post a Comment