നാല് ദിവസംകൊണ്ട് കോവിഡ് ആശുപത്രി സജ്ജമാക്കും; 25 അംഗ വിദഗ്ധ സംഘം കാസര്‍ഗോഡേക്ക് പുറപ്പെട്ടു
കാസര്‍ഗോഡ്:
മെഡിക്കല്‍ കോളേജിനെ കോവിഡ് സെന്റര്‍ ആക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരടങ്ങുന്ന 25 അംഗ വിദഗ്ധ സംഘം കാസര്‍ഗോഡേക്ക് പുറപ്പെട്ടു. ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളജ് അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിലാണ് നൂതന കോവിഡ് ചികിത്സാ കേന്ദ്രം ഒരുങ്ങുന്നത്. മന്ത്രി കെ കെ ശൈലജ സംഘത്തെ യാത്രയാക്കി.
4 നില കെട്ടിടത്തില്‍ ഒന്നാമത്തെ നിലയിലെ വാര്‍ഡുകളില്‍ കട്ടിലുകളും തീവ്ര പരിചരണ വിഭാഗം യൂണിറ്റിലേക്കുള്ള ഉപകരണങ്ങളും സജ്ജീകരിക്കുന്ന ജോലിയാണ് നടക്കുന്നത്. രണ്ടാമത്തെ നിലയില്‍ ഡോക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിശ്രമിക്കാനുമുള്ള ഇടമാണ് തയാറാക്കുന്നത്.
ആശുപത്രി ഉപകരണങ്ങള്‍, കിടക്കകള്‍, ഫര്‍ണിച്ചര്‍, മരുന്നുകള്‍ എന്നിവയ്ക്കായി 7 കോടി രൂപ സര്‍ക്കാര്‍ അറിയിച്ചിരുന്നു. 200 കിടക്കകളും 90 കട്ടിലും തീവ്രപരിചരണവിഭാഗത്തിലേക്കുള്ള 12 കട്ടിലുകളും ഇപ്പോള്‍ എത്തിച്ചിട്ടുണ്ട്. 4 നിലകളുള്ള കെട്ടിടത്തില്‍ 3 നിലകളിലാണ് ക്രമീകരണങ്ങള്‍ നടക്കുന്നത്. ഇവിടെ ഒപി തുടങ്ങാന്‍ നേരത്തെ തീരുമാനിച്ചിരുന്നതിനാല്‍ വിവിധ വിഭാഗങ്ങള്‍ക്ക് മുറികള്‍ സജ്ജീകരിച്ചിരുന്നു.
കോവിഡ് രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും പാര്‍പ്പിക്കുന്നതിനു ജില്ലയിലെ ആശുപത്രികളില്‍ 870 കിടക്കകള്‍ സജ്ജീകരിക്കുന്നതില്‍ 300 കിടക്കകള്‍ ഇവിടെയാണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, പനത്തടി താലൂക്ക് ആശുപത്രി, ബദിയടുക്ക, പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് സര്‍ക്കാര്‍ തലത്തില്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളായി സജ്ജീകരിച്ച ആശുപത്രികള്‍.
No comments
Post a Comment