Header Ads

  • Breaking News

    സൗജന്യ ഭക്ഷണക്കിറ്റിനായി വീട്ടമ്മ നടന്നത് 30 കിലോമീറ്റർ…നൊമ്പരപെടുത്തുന്ന സംഭവം കണ്ണൂരിൽ


    പാട്യം:
    ദുർബലവിഭാഗങ്ങൾക്കായി സർക്കാർ നൽകുന്ന സൗജന്യ ഭക്ഷണക്കിറ്റിനായി വീട്ടമ്മ നടന്നത് 30 കിലോമീറ്റർ. ഒടുവിൽ ഇവർക്ക് തുണയായി കണ്ണവം പോലീസെത്തി.

    പത്തായക്കുന്ന് പാലബസാറിനടുത്ത് വാടകവീട്ടിൽ താമസിക്കുന്ന ആയിഷയ്ക്കും പതിനാറുകാരനായ മകനുമാണ് പോലീസ് തുണയായത്. കോളയാട് സ്വദേശിയായ ആയിഷയും കുടുംബവും ഇപ്പോൾ പത്തായക്കുന്നിലെ വാടകവീട്ടിലാണ് താമസിക്കുന്നത്.

    കോളയാടിനടുത്ത വായന്നൂരിലെ റേഷൻകടയിലാണ് ഇവർക്ക് റേഷൻകാർഡുള്ളത്. സൗജന്യമായി പലവ്യഞ്ജനക്കിറ്റ് നല്കുന്നതറിഞ്ഞ ആയിഷ കഴിഞ്ഞദിവസം രാവിലെ മകനെയുംകൂട്ടി വീട്ടിൽനിന്ന് നടന്ന് 30 കിലോമീറ്റർ അകലെയുള്ള വായന്നൂരിലെത്തി. കിറ്റ് വാങ്ങിയശേഷം മടക്കയാത്രയാരംഭിച്ച ഇവർ വെയിലേറ്റ് തളർന്ന് കണ്ണവം ടൗണിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരുന്നു. ഇതറിഞ്ഞെത്തിയ കണ്ണവം പോലീസ് ഇവരെ ഉടൻ പോലീസ് വാഹനത്തിൽ പത്തായക്കുന്നിലെ വീട്ടിലെത്തിച്ചു.

    ഹൃദ്രോഗത്തിന് ചികിത്സയിലാണ് ആയിഷയുടെ ഭർത്താവ്. സത്യവാങ്മൂലം നല്കി തൊട്ടടുത്ത റേഷൻ കടയിൽനിന്ന് ഭക്ഷ്യധാന്യക്കിറ്റ് വാങ്ങാനുള്ള സൗകര്യം പൊതുവിതരണവകുപ്പ് ഇപ്പോൾ ഏർപ്പെടുത്തിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad