കാസര്‍കോട്,കണ്ണൂര്‍ ജില്ലകളിലെ കോവിഡ് രോഗികളുടെ വിവരം ഗൂഗിള്‍ മാപ്പ് വഴി ചോര്‍ന്നു
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ കോവിഡ് രോഗികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഗൂഗിള്‍ മാപ്പ് വഴി ചോര്‍ന്നു. രോഗികളുടെ മേല്‍വിലാസം ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ ലഭ്യമാണ്. സ്വകാര്യ കമ്പനികളില്‍ നിന്ന് കോവിഡ് രോഗികളെ വിളിച്ചതോടെയാണ് വിവരം ചോര്‍ന്ന കാര്യം പുറത്തുവന്നത്.
ജില്ലാ പോലീസ് മേധാവി, സ്പെഷ്യല്‍ ഡി വൈ എസ്.പി, സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം എന്നിവടങ്ങളിലേക്കാണ് കോവിഡ് പോസിറ്റീവായ രോഗികളുടെ വിവരങ്ങള്‍ ഡിഎംഒ കൈമാറുന്നത്. ഇവിടെ എവിടെ നിന്നെങ്കിലുമാകാം വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് സംശയിക്കുന്നത്.
കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ പോലീസ് കൊവിഡ് ട്രാക്ക് എന്ന പേരില്‍ ഒരു ആപ്പ് പുറത്തിറക്കിയിരുന്നു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത എല്ലാവരുടെയും വിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്. കണ്ണൂരിനും കാസര്‍കോടിനും പുറമെ പത്തനംതിട്ടയിലും വിവരങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ബാംഗ്ലൂരില്‍ നിന്നുള്ള ഐകോണ്ടല്‍ എന്ന കമ്പനി കാസര്‍കോടുള്ള രോഗിയെ മൊബൈല്‍ വഴി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ ആരാഞ്ഞത്. ഒരു സ്വകാര്യ കമ്പനിയ്ക്ക് കോവിഡ് രോഗിയുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ലഭിച്ചുവെന്നത് ഗൗരവമേറിയതാണ്. രോഗികളുടെ സ്വകാര്യത നഷ്ടപ്പെടുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും ആരെയും മുതലെടുപ്പിന് അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
No comments
Post a Comment