മെയ് 16 മുതൽ ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 18 രൂപ
ഇ-പോസ് മെഷീനില്‍ കോംബോ വിതരണം ഏര്‍പ്പെടുത്തിയതിലുള്ള സാങ്കേതിക തകരാറിനെതുടര്‍ന്ന് തിങ്കളാഴ്ച റേഷന്‍ വിതരണം സ്തംഭിച്ചു. റേഷനും സൗജന്യ ഭക്ഷ്യക്കിറ്റും വാങ്ങാനെത്തിയ ആയിരങ്ങള്‍ നിരാശയോടെ മടങ്ങി. മേയിലെ റേഷന്‍ വിഹിതം ഇ-പോസ് വഴിയല്ലാതെ വിതരണം െചയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുള്ളതിനാല്‍ മാന്വല്‍ വിതരണവും നടന്നില്ല. ഇതോടെ പലയിടത്തും കാര്‍ഡുടമകളും വ്യാപാരികളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേതുടര്‍ന്ന് മെഷീന് പ്രവൃത്തിക്കാത്ത കടകളെല്ലാം അടച്ചിടാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ നിര്‍ദേശം നല്കി.
നാല് കാര്‍ഡുകാര്‍ക്കുമുള്ള റേഷന്‍ മണ്ണെണ്ണ വിതരണവും നീല കാര്‍ഡുകാര്‍ക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റും മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കുള്ള കേന്ദ്ര സര്‍ക്കാറിെന്റ കടല/ ചെറുപയര്‍ വിതരണവും ഒരുമിച്ച് നടക്കുന്നതാണ് സര്‍വര്‍ തകരാറിന് കാരണമെന്ന് ഓള് കേരള റീട്ടേയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ ആരോപിച്ചു. തീയതി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് സംഘടന ഭക്ഷ്യമന്ത്രിക്ക് കത്ത് നല്കി.
അതേസമയം, 30 രൂപയായിരുന്ന ഒരു ലിറ്റര്‍ മണ്ണെണ്ണ ഈ മാസം 16 മുതല്‍ 18 രൂപക്ക് വിതരണം ചെയ്യാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്കി. വൈദ്യുതിയുള്ള കാര്‍ഡുകാര്‍ക്ക് അര ലിറ്ററും വൈദ്യുതിയില്ലാത്ത കാര്‍ഡുകാര്‍ക്ക് നാല് ലിറ്ററുമാണ് ലഭിക്കുക. വ്യാപാരികള്‍ 30 രൂപക്ക് വാങ്ങിയ മണ്ണെണ്ണ മേയ് 15നുള്ളില്‍ വിതരണം ചെയ്തുതീര്‍ക്കണമെന്നും നിര്‍ദേശമുണ്ട്.
No comments
Post a Comment