കണ്ണൂരിൽ അമിതവില ഈടാക്കിയ 2000 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
കണ്ണൂര്‍:
കൊവിഡ്- 19 ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അമിത വില ഈടാക്കിയ രണ്ടായിരത്തിലധികം വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി ജില്ലാ കളക്ടര്‍ രൂപീകരിച്ച സിവില്‍ സപ്ലൈസ്, റവന്യൂ, ലീഗല്‍ മെട്രോളജി, പോലീസ് വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്.
പൊതുവിപണി പരിശോധിച്ച് അവശ്യ വസ്തു നിയമ പ്രകാരം കേസുകള്‍ എടുക്കുകയും ലീഗല്‍മെട്രോളജി പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുന്നതായിരിക്കും. അമിത വില ഈടാക്കിയാല്‍ കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌ക്വാഡുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
റംസാന്‍ വ്രതാനുഷ്ടാനങ്ങള്‍ തുടങ്ങിയതു മുതല്‍ പഴവര്‍ഗങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതായി പരാതി ലഭിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് വ്യാപാരികള്‍ പരമാവധി കുറഞ്ഞ വിലക്ക് സാധനങ്ങള്‍ വില്‍പന നടത്തേണ്ടതാണ്. അവശ്യ വസ്തു നിയമപ്രകാരം ഏതൊരു കച്ചവടക്കാരനും വില്‍പന നടത്തുന്ന സാധനങ്ങള്‍ വാങ്ങിയതിന്റെ വില കൃത്യമായി കാണിക്കുന്ന ബില്ല് സൂക്ഷിക്കേണ്ടതാണെന്നും കടകളില്‍ സാധനങ്ങളുടെ വിൽപ വില എഴുതി പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
No comments
Post a Comment