കഞ്ചാവാണെന്ന് പറഞ്ഞ് കമ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് അമ്പതിനായിരം രൂപയ്ക്ക് വിറ്റു; പണം നഷ്ടപ്പെട്ടവർ യുവാവിനെ തട്ടിക്കൊണ്ടുപോയി, ആവശ്യപ്പെട്ടത് 4 ലക്ഷം, യുവാവ് അറസ്റ്റിൽ
കഞ്ചാവാണെന്ന് പറഞ്ഞ് കമ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് വിറ്റത് അരലക്ഷം രൂപയ്ക്ക്. പൊടി കഴിച്ചവര്‍ ലഹരി കിട്ടാതായതോടെ പറ്റിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞു. ഇതോടെ കാശ് പോയവര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി നാലു ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു. സംഭവത്തില്‍ മുഖ്യപ്രതി എടപ്പാള്‍ അയലക്കാട് സ്വദേശി നരിയന്‍ വളപ്പില്‍ കിരണി (18)നെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊന്നാനി സ്വദേശിയായ അമല്‍ ബഷീറാണ് കഞ്ചാവാണെന്ന് പറഞ്ഞ് കമ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് വിറ്റത്. അമല്‍ ബഷീറിനെയാണ് തട്ടിക്കൊണ്ടുപോയത്. കിരണിന്റെ സുഹൃത്തുക്കളായ ജംഷീദ്, നാഷിം, റാഷിദ് തുടങ്ങിയവരടങ്ങിയ സംഘം കഞ്ചാവ് വാങ്ങിക്കാനായി അമല്‍ ബഷീറിന് 45,000 രൂപ നല്‍കിയിരുന്നു. എന്നാല്‍, കഞ്ചാവിനു പകരം മൂന്നരക്കിലോ കമ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് പാക്കറ്റിലാക്കി നല്‍കുകയാണ് ചെയ്തത്. കിരണിന്റെ ഉറ്റ സുഹൃത്താണ് അമല്‍ ബഷീര്‍. അതുകൊണ്ടുതന്നെ കിരണിനെ ഉപയോഗിച്ചാണ് അമല്‍ ബഷീറിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടത്. അയലക്കാടുള്ള സുഹൃത്തിന്റെ വീട്ടിലേക്കെന്നു പറഞ്ഞ് അമല്‍ ബഷീറിനെ കിരണ്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി. അയിലക്കാട് ചിറക്കലില്‍ വച്ച് ബഷീറിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. കാഞ്ഞിരത്താണി വട്ടക്കുന്നില്‍ വച്ച് അര്‍ധനഗ്‌നനാക്കി മര്‍ദിക്കുകയും ദേഹമാസകലം കത്തികൊണ്ട് മുറിവേല്‍പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെ പഴ്‌സിലുണ്ടായിരുന്ന 6, 000 രൂപ തട്ടിയെടുക്കുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞാണ് അമല്‍ ബഷീറിന്റെ വീട്ടില്‍ വിളിച്ച് നാലു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊന്നാനി സിഐ പിഎസ് മഞ്ജിത്ത് ലാലും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തു. ഇനിയും ഒട്ടേറെപ്പേര്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
No comments
Post a Comment