കണ്ണൂരില്‍ ഹോം ഡെലിവെറി മാതൃകയിൽ ചാരായ വിൽപ്പന: യുവാവ് അറസ്റ്റിൽ
കണ്ണൂര്‍:
ആലക്കോട് മേഖലയിൽ ലോക് ഡൗണിൻ്റെ മറവിൽ ആവശ്യക്കാർക്ക് മൊബൈൽ വഴി ചാരായം കുപ്പികളിലാക്കി വിൽപ്പന നടത്തിയ യുവാവ് അറസ്റ്റില്‍. ആലക്കോട് നെല്ലിപ്പാറ കപ്പണ സ്വദേശി രാജുവാണ് അറസ്റ്റിലായത്. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ അഷ്റഫ് എം വിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ആലക്കോട് നെല്ലിപ്പാറ മേഖലകളിൽ ചാരായം വിൽപ്പന നടത്തുന്നുണ്ടെന്ന കമ്മീഷണറുടെ സ്ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇയാൾ ഈ മേഖലകളിൽ നിരവധി ആളുകളെ കൂലിക്ക് വെച്ച് ചാരായം വാറ്റിയാണ് വിൽപന നടത്തുന്നത്. കൂടുതൽ പ്രതികളെ കുറിച്ച് ഊർജ്ജിതമായ അന്വേഷണം നടത്തി വരികയാണ്.
പ്ലാസ്റ്റിക് കുപ്പികളിലാക്കിയാണ് ചാരായം വിൽക്കുന്നത്. മദ്യം കിട്ടാത്ത ഈ സാഹചര്യങ്ങളിൽ ഒരു ലിറ്ററിന് 1200 രൂപ മുതൽ1500 രുപ വിലയിലാണ് ചാരായം വിൽപന നടത്തി വരുന്നത്. ഇയാളുടെ കൈയ്യിൽ നിന്നും കുപ്പികളിലാക്കിയ രണ്ട് ലിറ്റർ ചാരായം പിടിച്ചെടുത്തു. പ്രതിയെ ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.
No comments
Post a Comment