കോളനിയില്‍നിന്നുള്ള ഒരാളും പ്രദേശം വിട്ട് ആരും പുറത്തു പോയിട്ടുമില്ല, പുറമേനിന്നുള്ള ആരും വന്നിട്ടുമില്ല! ഇരിട്ടി അയ്യൻകുന്ന്എടപ്പുഴയില് ആദിവാസിയുവതിക്ക് കോവിഡ്; ഉറവിടം കണ്ടെത്താനാകാതെ അധികൃതർ
ഇരിട്ടി:
അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴയില്‍ ആദിവാസിയുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മേഖലയില്‍ പരിശോധനയും നിയന്ത്രണങ്ങളും കര്‍ശനമാക്കി. കരിക്കോട്ടക്കരി, കൂമന്തോട്, വലിയപറമ്പുംകരി, ഈന്തുങ്കരി, എടപ്പുഴ എന്നീ അഞ്ചു വാര്‍ഡുകൾ കണ്ടെയ്ന്മെന്റ് സോണാക്കിയിരിക്കുകയാണ്.
യുവതിക്ക് എവിടെനിന്നാണു വൈറസ് ബാധയുണ്ടായതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എടപ്പുഴ കോളനിയിലാണ് യുവതിയുടെ വീട്. കോളനിയില്‍ 15 ഓളം വീടുകളിലായി 70 ഓളം പേരാണു താമസിക്കുന്നത്.
കോളനിയില്‍നിന്നുള്ള ഒരാളും പ്രദേശം വിട്ട് പുറത്തുപോകുകയോ പുറമേനിന്നുള്ള ആരും ഇവിടേക്കു വരികയോ ചെയ്തിട്ടില്ലെന്നാണ് കോളനിവാസികള്‍ പറയുന്നത്.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽനിന്നും ജില്ലാ മെഡിക്കല്‍ ഓഫീസില്‍നിന്നും വിദഗ്ധസംഘമെത്തി കോളനിവാസികളില്‍നിന്ന് തെളിവെടുത്തു. യുവതിയെ പ്രസവചികിത്സയ്ക്കായി കഴിഞ്ഞ 12 മുതല്‍ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
രണ്ടുദിവസംമുമ്പ് പ്രസവിച്ചതിനുശേഷമാണ് രോഗലക്ഷണം കണ്ടത്. നവജാത ശിശുവിന് പ്രശ്നങ്ങളൊന്നുമില്ല. പരിശോധനാഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് യുവതിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
യുവതിക്കൊപ്പം 12 മുതല്‍ ജില്ലാ ആശുപത്രിയില്‍ ഭര്‍ത്താവും മാതാപിതാക്കളുമാണുണ്ടായിരുന്നത്. ഇവരിലാരും 12ന് കണ്ണൂരിലെത്തിയതുമുതൽ നാട്ടിലേക്കു പോയിട്ടില്ല. കൂടെയുണ്ടായിരുന്ന ഇവര്‍ക്കാര്‍ക്കും രോഗലക്ഷണങ്ങളൊന്നുമില്ല.
ഇവര്‍ പ്രത്യേക നിരീക്ഷണത്തിലാണ്. യുവതിക്ക് എങ്ങനെ വൈറസ് ബാധയുണ്ടായി എന്നകാര്യം ആരോഗ്യവകുപ്പിനെ കുഴയ്ക്കുകയാണ്. കോളനിവാസികളില്‍ ചിലര്‍ യുവതിയെ കാണാന്‍ പോയതിനാല്‍ മേഖലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
കരിക്കോട്ടക്കരി മേഖല കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടർന്ന് സോണ്‍ പരിധിയില്‍ പോലീസ് മൈക്ക് അനൗണ്‍സ്മെന്റ് നടത്തി.
ആരും വീടുകളില്‍നിന്നു പുറത്തിറങ്ങാന്‍ പാടില്ലെന്നും കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്നും അവശ്യസാധനങ്ങള്‍ക്കും മറ്റും ഹോം ഡെലിവറി സംവിധാനത്തെ ആശ്രയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേഖലയിലേക്കുള്ള റോഡുകളെല്ലാം പോലീസ് അടച്ചു.
ല്നടയാത്രക്കാരെ പോലും പ്രവേശിപ്പിക്കുന്നില്ല. റംസാൻ കാരണം അവശ്യസര്‍വീസുകളും യാത്രകളും മാത്രമാണ് അനുവദിച്ചിരിക്കുന്നത്. മലയോരഹൈവേയുടെ ഭാഗമായ എടൂര്‍-കരിക്കോട്ടക്കരി-ആനപ്പന്തിക്കവല റോഡ് അടച്ചു.
കണ്ടെയ്ന്മെന്റ് സോണുകളിലേക്കുള്ള കമ്പനിനിരത്ത്, ഈന്തുംകരി, എടപ്പുഴ, വളയങ്കോട്, താഴെ വളയങ്കോട് എന്നീ റോഡുകള്‍ പൂര്‍ണമായും അടച്ച് പോലീസ് കാവലേര്‍പ്പെടുത്തി.
അതേസമയം, കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂളില്‍ എസ്എസ്എല്‍സി പരീക്ഷ സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. അങ്ങാടിക്കടവ് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കോളനികളില്‍ ബോധവത്കരണം നടത്തി.
No comments
Post a Comment