മദ്യവിതരണത്തിന് നിർദേശങ്ങൾ പുറത്തിറങ്ങി; പനിയുണ്ടെങ്കിൽ കുപ്പി കിട്ടില്ല
മദ്യവിതരണത്തിന് ബവ്റിജസ് കോർപ്പറേഷന്റെ നിർദേശങ്ങൾ പുറത്തിറങ്ങി. ബവ്കോ ഷോപ്പുകളിൽ മദ്യം വാങ്ങാനെത്തുന്നവർ തെർമൽ സ്കാനിങ്ങിനു വിധേയരാക്കണം. ബവ്കോ ജീവനക്കാരെ ദിവസം രണ്ടു തവണ തെർമൽ സ്കാനിങ് നടത്തും. വെർച്വൽ ക്യൂ ആപ്പിൽ ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കണിലെ ക്യൂആർ കോഡ് ഔട്ട്ലറ്റിലെ റജിസ്ട്രേഡ് മൊബൈലിലെ ആപ്പ് ഉപയോഗിച്ച് പരിശോധിക്കും. മദ്യം കൊടുക്കുന്നതിനു മുൻപ് ഇ–ടോക്കൻ ക്യാൻസൽ ചെയ്യും. സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവർക്ക് മദ്യം നൽകുന്നതിനു മുൻപ് എസ്എംഎസ് കോഡ് ക്യാന്‍സൽ ചെയ്യും.
ഷോപ്പുകള്‍ക്കുള്ള ആപ് പ്രത്യേകം തയാറാക്കിയിട്ടുണ്ട്. അതിന്റെ ലിങ്ക് ഷോപ്പിന്റെ ചുമതലയുള്ളവർക്ക് അയയ്ക്കും. ഈ ആപ് ഉപയോഗിച്ചാണ് ഇ–ടോക്കൺ പരിശോധിക്കേണ്ടത്. ആപ്പിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ബവ്കോ ഐടി വിഭാഗത്തിന്റെ സഹായത്തോടെ പരിഹരിക്കണം. ആദ്യ ദിവസങ്ങളിൽ ഔട്ട്ലറ്റുകളും വെയർഹൗസുകളും പ്രവർത്തിപ്പിക്കാൻ പൊലീസിന്റെ സഹായം തേടണം. ക്യൂ നിയന്ത്രിക്കാൻ ആവശ്യമെങ്കിൽ അധികം സുരക്ഷാ ജീവനക്കാരെ നിയമിക്കാം.
ഷോപ്പുകളിലെ ജീവനക്കാർക്കുള്ള മാസ്കും സാനിറ്റൈസറും വാങ്ങേണ്ടത് സർക്കാർ സ്ഥാപനങ്ങളിൽ നിന്നായിരിക്കണം. രാവിലെ 9 മുതൽ 5 വരെയായിരിക്കും മദ്യവിതരണം. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത് ഇ–ടോക്കൺ ലഭിച്ചവർക്കു മാത്രമേ മദ്യം ലഭിക്കൂ. കൊടുത്ത ടോക്കണുകളുടെ എണ്ണം കണക്കുകൂട്ടി എക്സൈസ് വകുപ്പിനെ അറിയിക്കണം. സെൽഫ് സർവീസ് കൗണ്ടറുകൾ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല. അവ സാധാരണ കൗണ്ടറുകളായി പ്രവർത്തിപ്പിക്കാമെന്നും എംഡിയുടെ നിർദേശത്തിൽ പറയുന്നു
No comments
Post a Comment