Header Ads

  • Breaking News

    വളപട്ടണം, അഴീക്കോട് ഭാഗങ്ങളിൽ വീടുകളുടെ വാതിലിൽ മുട്ടുന്നെന്ന പ്രചരണം വ്യാജമെന്ന് പോലീസ്, സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കും

    കണ്ണൂർ: 
    വാതിലിൽ മുട്ടുന്നുവെന്ന വ്യാജ പ്രചാരണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ്. വളപട്ടണം, അഴീക്കോട് ഭാഗങ്ങളിൽ വീടുകളുടെ വാതിലിൽ മുട്ടുന്നുണ്ടെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പ്രചരണം ദിവസങ്ങളായി പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിലും വാതിലിൽ മുട്ടി ഓടി മറയുന്ന കള്ളൻ കഥകളാണ്. ഇതിനിടെ, ഇത് ബ്ലാക്ക്‌ മാൻ ആണെന്നും പ്രചാരണവും നടന്നിരുന്നു. വാട്സാപ്പിൽ ഓഡിയോ പ്രചരിക്കുന്നതിനെ തുടർന്ന് രാത്രികാലങ്ങളിൽ നാട്ടുകാർ സംഘടിച്ചു കള്ളനെയും തപ്പി ഇറങ്ങുകയും ചെയ്തു. ഒരേ സമയം തന്നെ പല ഭാഗങ്ങളിൽ നിന്നും വാതിലിന് മുട്ട്‌ കേട്ടതായും പ്രചാരണമുണ്ട്. ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയതോടെ പോലീസും രംഗത്തെത്തി. നാട്ടുകാരും പോലീസും നാട് മുഴുവൻ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ആളെ കിട്ടിയില്ല. അതിനിടെ ഇത് ഒരാളല്ലെന്നും ഒരു സംഘം ആളുകളാണെന്നും വരെ പ്രചാരണമുണ്ടായി. പോലീസ് ഡ്രോൺ ഉപയോഗിച്ച് വരെ നിരീക്ഷണം നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. കള്ളനെ പിടിക്കാൻ വാട്സാപ്പ് ഗ്രൂപ്പുവരെ ഉണ്ടാക്കി പ്രദേശവാസികൾ ഉറക്കവും ഒഴിഞ്ഞു കാത്തിരുന്നു. എന്നിട്ടും ആരുടേയും കണ്ണിൽ പെടാത്ത ഈ കള്ളൻ കഥ കെട്ടിച്ചമച്ച കഥയാണെന്നാണ് പോലീസ് പറയുന്നത്.

    ഒരേ സമയങ്ങളിൽ പലയിടത്തും കണ്ടെന്ന് പ്രചരിക്കുന്ന കള്ളൻ പ്രദേശത്തെ ഒരു സിസിടിവി ക്യാമറയിലും പതിഞ്ഞില്ല എന്നത് തട്ടിപ്പ് എന്നതിന്റെ മുഖ്യ തെളിവാണ്. വളപട്ടണത്ത് ഒരു വീടിന്റെ ഡോർ ലോക്ക് അഴിച്ചു വെച്ചെന്നും പ്രചാരണമുണ്ട്. ഇതൊക്കെ വാട്സാപ്പിൽ പ്രചരിക്കുന്ന കഥകൾ എന്നതിലുപരി യാതൊരു തെളിവുമില്ലെന്നാണ് ആരോപണം. ആളുകൾക്ക് പുറത്തിറങ്ങി നടക്കാനുള്ള ഒരു കെട്ടിച്ചമച്ച കഥയാണിതെന്നും ഇത്തരം പ്രചാരണം നടത്തിയ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെന്നും വളപട്ടണം സി.ഐ എം കൃഷ്ണൻ ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിനോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഇത് പോലെ ആളുകളെ ഭയപ്പെടുത്തുന്ന മെസ്സേജുകൾ ഷെയർ ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകൾ വീടിന് പുറത്തിറങ്ങി സംഘടിച്ചാൽ പുതിയ ലോക്ക് ഡൗൺ നിയമപ്രകാരം കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad