പ്രവാസികളുമായി ദുബായിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാനം ഇന്ന് എത്തും
പ്രവാസികളുമായി കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ഇന്ന്. ദുബായിൽ നിന്ന് നൂറ്റി എൺപത് യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകീട്ട് 7.10നാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തുക.
ദുബായിൽ നിന്ന് കണ്ണൂരിലേക്കുള്ള ആദ്യ വിമാനത്തിലെ 109 പേരും കണ്ണൂർ ജില്ലയിലുള്ളവരാണ്. 47 പേർ കാസർഗോഡും 12 പേർ കോഴിക്കോടും ഏഴ് പേർ മലപ്പുറവും മൂന്ന് പേർ മാഹി സ്വദേശികളുമാണ്. വയനാട്, തൃശൂർ ജില്ലക്കാരായ ഓരോരുത്തരും ഈ വിമാനത്തിലെത്തും. വിമാനത്താവളത്തിൽ യാത്രക്കാരെ പരിശോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചു കഴിഞ്ഞു.
സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കുക. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ പരിശോധന നടത്തും. എയറോഗ്രോമില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് തന്നെ ഇതിനായി അഞ്ച് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. പരിശോധനയില്‍ കൊവിഡ് രോഗ ലക്ഷണങ്ങളുള്ളവരെ പ്രത്യേകമായി ഒരുക്കിയ നിരീക്ഷണ സ്ഥലത്തേക്ക് മാറ്റും. ഇവരുടെ എമിഗ്രേഷന്‍ നടപടികള്‍ക്കായി പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഇതിനു ശേഷം പ്രത്യേക വഴിയിലൂടെ ആംബുലന്‍സില്‍ ഇവരെ ആശുപത്രിയിലെത്തിക്കും.
മറ്റു യാത്രക്കാരെ പതിവ് പരിശോധനകള്‍ക്കു ശേഷം വീടുകളിലും ജില്ലയിലെ കൊറോണ കെയര്‍ സെന്ററുകളിലേക്കും മാറ്റും. മറ്റു ജില്ലകളിലേക്ക് പോകേണ്ടവരെ പ്രത്യേക വാഹനങ്ങളില്‍ യാത്രയാക്കും. ഓരോ ജില്ലകളിലേക്കും പ്രത്യേകം കെഎസ്ആര്‍ടിസി ബസുകള്‍ ഉണ്ടാകും. യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകള്‍, ലഗേജുകള്‍ എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് പുതിയ സിം കാര്‍ഡ് എടുക്കുന്നതിനും പഴയവ ആക്ടിവേറ്റ് ചെയ്യുന്നതിനും ബിഎസ്എന്‍എല്ലിന്റെ പ്രത്യേക കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്. പ്രവാസികളെ കൊണ്ടുവരാനുള്ള വിമാനം ഇന്ന് രാവിലെ പത്തരയ്ക്ക് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പോകും.
No comments
Post a Comment