Header Ads

  • Breaking News

    മാറ്റിവെച്ച SSLC, പ്ലസ്ടു പരീക്ഷ നാളെ നടക്കും


    മാറ്റിവെച്ച എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ നാളെ നടക്കും. ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക. പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുന്നത്.

    അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് നാളെ മാറ്റിവെച്ച പരീക്ഷകള്‍ പുനരാരംഭിക്കുന്നത്. 2945 കേന്ദ്രങ്ങളിലാണ് എസ്.എസ്.എല്‍,സി പരീക്ഷ. 2032 കേന്ദ്രങ്ങള്‍ ഹയര്‍സെക്കന്‍ഡറിക്കും 389 കേന്ദ്രങ്ങള്‍ വി.എച്ച്.എസ്.സിക്കും ഉണ്ട്. മാസ്ക്, സാനിറ്റൈസർ, തെൽമൽ സ്കാനർ ഉൾപ്പടെയുളള സുരക്ഷ ഒരുക്കിയാണ് വിദ്യാർത്ഥികളെ ക്ലാസിലേക്ക് പ്രവേശിപ്പിക്കുക. വിദ്യാര്‍ത്ഥികളുടെ തെര്‍മല്‍ സ്കാനിംഗ് നടത്തും. പനി പോലെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേക മുറിയിലിരുത്തും. ആരോഗ്യവകുപ്പിന്‍റെ രണ്ട് ഫീല്‍ഡ് ലെവല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ പരീക്ഷാ കേന്ദ്രങ്ങളിലുണ്ടാകും. പരീക്ഷാ കേന്ദ്രത്തിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം സീറ്റുകള്‍ക്കിടയില്‍ 1.5 മീറ്റര്‍ അകലത്തിലായിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ പേനകള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയവയൊന്നും കൈമാറ്റം ചെയ്യരുത്.

    ലക്ഷദ്വീപില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരീക്ഷാ കേന്ദ്രങ്ങളോ, പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികളോ അനുവദിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തിയ സമയം മുതല്‍ 14 ദിവസം ക്വാറന്റൈനില്‍ താമസിക്കണം. പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രം മാറ്റാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പരീക്ഷക്കെത്തനാവാതെ വരുന്നവര്‍ക്ക് സേ-പരീക്ഷക്കൊപ്പം റഗുലര്‍ പരീക്ഷ എഴുതാം.

    No comments

    Post Top Ad

    Post Bottom Ad