Header Ads

  • Breaking News

    വൈദ്യുതി ബില്ലില്‍ 30 ശതമാനം വരെ സബ്‌സിഡി ; പണമടയ്ക്കാന്‍ 5 തവണകള്‍


    ലോക്ക്ഡൗണ്‍ കാലത്ത് വൈദ്യുതി ബില്‍ തുക വര്‍ധിച്ചതില്‍ അപാകതകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈദ്യുതി ഉപയോഗം വര്‍ധിച്ചത് സ്വഭാവികമായി സംഭവിച്ചതാണ്, എന്നാല്‍ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിഷയം പരിശോധിക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും, ചില തീരുമാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സാധാരണനിലയില്‍ തന്നെ വൈദ്യുതി ഉപയോഗം വര്‍ധിക്കുന്ന സമയമാണ് ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള സമയം. ഇത്തവണ ലോക്ക്ഡൗണ്‍ കൂടിയായതിനാല്‍ വൈദ്യുതി ഉപഭോഗം വര്‍ധിച്ചു. റീഡിങ് എടുക്കാന്‍ കഴിയാതിരുന്നതിനാല്‍ നാല് മാസത്തെ ബില്‍ ഒന്നിച്ചാണ് കൊടുത്തത്. അതുകൊണ്ടാണ് ബില്‍ തുക വര്‍ധിച്ചത്. താരിഫ് ഘടനയിലോ വൈദ്യുതി നിരക്കിലോ യാതൊരു വ്യത്യാസവും ഇപ്പോള്‍ വരുത്തിയിട്ടില്ല.
     
    എങ്കില്‍പ്പോലും പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഈ പ്രശ്‌നം പരിശോധിച്ചിരുന്നു. ഇതുപ്രകാരം ഒന്നിച്ച് ബില്‍ അടക്കുന്നതിന് പ്രയാസമുള്ളവര്‍ക്ക് തവണകള്‍ അനുവദിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ബില്‍ അടച്ചില്ല എന്ന കാരണത്തില്‍ ആരുടേയും വൈദ്യുതിബന്ധം വിഛേദിക്കില്ല. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് ഇപ്പോള്‍ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ സൗജന്യം അനുവദിക്കും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് യൂണിറ്റിന് 1.50 രൂപയാണ് നിരക്ക്. ഈ വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കില്‍ത്തന്നെ ബില്ല് കണക്കാക്കും.

    പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുക വര്‍ദ്ധനവിന്റെ പകുതി സബ്‌സിഡി നല്‍കും. പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുകയുടെ വര്‍ദ്ധനവിന്റെ 30 ശതമാനം സബ്‌സിഡി അനുവദിക്കും. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുകയുടെ വര്‍ദ്ധനവിന്റെ 25 ശതമാനമായിരിക്കും സബ്‌സിഡി.

    പ്രതിമാസം 150 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും അധിക ഉപഭോഗംമൂലം ഉണ്ടായിട്ടുള്ള വര്‍ദ്ധനവിന്റെ 20 ശതമാനം സബ്‌സിഡി നല്‍കും. ലോക്ക്ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്‍ അടക്കാന്‍ 3 തവണകള്‍ അനുവദിച്ചിരുന്നു. ഇത് 5 തവണകള്‍ വരെ ആക്കും. ഈ നടപടികളുടെ ഭാഗമായി വൈദ്യുതി ബോര്‍ഡിന് 200 കോടിയോളം രൂപയുടെ അധിക ബാദ്ധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ ഗുണം 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

    No comments

    Post Top Ad

    Post Bottom Ad