രാവിലെ 40 ചപ്പാത്തി, ഉച്ചയ്ക്ക് പത്ത് പ്ലേറ്റ് ചോറ്; ക്വാറന്റൈൻ കേന്ദ്രത്തിലാക്കിയതിന് യുവാവിന്റെ പ്രതികാരം ഇങ്ങനെ, കൂടെതാമസിക്കുന്നവർ പരാതിയുമായി രംഗത്ത്
ബക്സർ: തന്നെ പിടികൂടി ക്വാറന്റൈൻ കേന്ദ്രത്തിലാക്കിയതിന് തീറ്റയുടെ അളവ് കൂട്ടി ബിഹാർ സ്വദേശിയായ യുവാവിന്റെ പ്രതികാരം. ബിഹാറിലെ ബക്സറിലെ മഞ്ജവാരി ക്വാറന്റൈൻ കേന്ദ്രത്തിലാണ് 23 കാരനായ യുവാവ് പത്ത് പേരുടെ ഭക്ഷണം ഒറ്റയ്ക്ക് വാങ്ങി കഴിക്കുന്നത്. പ്രഭാത ഭക്ഷണമായി 40 ചപ്പാത്തി, ഉച്ചയ്ക്ക് 10 പ്ലേറ്റ് ചോറ് എന്നിങ്ങനെ അനൂപ് ഓജയെന്ന യുവാവ് വാങ്ങുന്നത് കൂടെ താമസിക്കുന്നവരിലും അധികൃതരിലും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ക്യാമ്പിൽ കുറച്ചു പേർ മാത്രമാണ് താമസിക്കുന്നതെന്നും ഇയാൾ ഇത്തരത്തിൽ കഴിക്കുന്നതിനാൽ തയ്യാറാക്കിയ ഭക്ഷണം തങ്ങൾക്ക് തികയുന്നില്ലെന്നും മറ്റുള്ളവർ പരാതി നൽകിയതോടെയാണ് ഉദ്യോഗസ്ഥർ ഇക്കാര്യം ശ്രദ്ധിച്ചത്. ബിഹാറിന്റെ വിശേഷ വിഭവമായ ‘ലിറ്റി’ തയ്യാറാക്കിപ്പോൾ ഓജ ഒറ്റയ്ക്ക് 85 എണ്ണമാണ് കഴിച്ചത്. ഇയാളുടെ ക്വാറന്റൈൻ കാലാവധി അവസാനിക്കാറായതിനാൽ ആവശ്യം പോലെ കഴിക്കട്ടേയെന്നും പറഞ്ഞ് മുഷിപ്പിക്കേണ്ടെന്നുമാണ് അധികൃതരുടെ തീരുമാനം.
No comments
Post a Comment