പനി ഭീതിയിൽ സംസ്ഥാനം; ഒരുമാസത്തിനിടെ 589 ഡെങ്കിപ്പനി കേസുകൾ
മഴക്കാലമായതോടെ സംസ്ഥാനം പനിപ്പേടിയിൽ. കോവിഡിന്റെയും വൈറൽ പനികളുടെയും പ്രാരംഭലക്ഷണങ്ങളെല്ലാം ഒരുപോലെയാണെന്നത് കൂടുതൽ ഭിതിവിതയ്ക്കുന്നു. പനിയുമായി ആശുപത്രികളിലെത്തുന്നവരുടെയും കോവിഡ് ടെസ്റ്റ് ആവശ്യപ്പെടുന്നവരുടെയും എണ്ണം കൂടുന്നു.
കോവിഡിന്റെ പ്രാരംഭലക്ഷണവും പനിയും തൊണ്ടവേദനയുമാണ്. ലോകാരോഗ്യ സംഘടനയും ഐ.സി.എം.ആറും പുറത്തിറക്കിയ രോഗലക്ഷണങ്ങളുടെ പട്ടികയിലുള്ളവ കണക്കിലെടുത്താണ് നിരീക്ഷണ നടപടികളെടുക്കുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കഴിഞ്ഞ ഒരുമാസം സംസ്ഥാനത്ത് 589 ഡെങ്കിപ്പനി, 91 എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തിരിച്ചറിയാം ലക്ഷണങ്ങൾ
ഡെങ്കിപ്പനിക്ക് പനിക്ക് പുറമേയുള്ള ലക്ഷണങ്ങളുമുണ്ടെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ പ്രൊഫസർ ഡോ. ബി. പത്മകുമാർ പറഞ്ഞു. പനിയോടൊപ്പം പേശിവേദനയുണ്ടാകും. കിടക്കാൻപോലും സാധിക്കാത്ത രീതിയിൽ പേശിവേദനയുള്ളതിനാലാണ് ഡെങ്കിയെ ബ്രേക്ക് ബോൺ ഫീവർ എന്ന് വിളിക്കുന്നത്. ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ ഡെങ്കിക്ക് ഉണ്ടാകില്ല. എലിപ്പനി ബാധിച്ചാൽ കണ്ണിന് മഞ്ഞനിറം, രക്തസ്രാവം, തുട-പേശി വേദന തുടങ്ങിയവയും ഉണ്ടാകും.
പനി ലക്ഷണം കാണുന്ന എല്ലാവരും കോവിഡ് പരിശോധന നടത്തേണ്ട കാര്യമില്ലെന്നും ഡോ. പത്മകുമാർ പറഞ്ഞു. ഡോക്ടർമാരുടെ നിർദേശത്തോടെ മാത്രമേ സ്വകാര്യ ലാബുകളിൽ കോവിഡ് പരിശോധന സാധിക്കൂ. എപ്പിഡമോളജിക്കൽ ലിങ്കില്ലാതെ എല്ലാ രോഗികളെയും സംശയിക്കേണ്ട സാഹചര്യം നിലവിൽ സംസ്ഥാനത്തില്ല. അടുത്ത മൂന്നുമാസം പനികൾ കൂടാനുള്ള സാധ്യതയുണ്ടെന്നും സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു.
No comments
Post a Comment