Header Ads

  • Breaking News

    അധ്യാപികമാരെ അവഹേളിച്ചവര്‍ വിദ്യാര്‍ഥികള്‍: നാല് പേരെ പൊലീസ് ചോദ്യം ചെയ്തു, ഫോണുകള്‍ പിടിച്ചെടുത്തു

    സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതിന് പിന്നാലെ അധ്യാപികമാരെ അധിക്ഷേപിച്ചതില്‍ അധികവും വിദ്യാര്‍ത്ഥികളാണെന്ന് വിവരം. ബ്ലൂ ടീച്ചര്‍ ആര്‍മി എന്ന പേരില്‍ സമൂഹ മാധ്യമത്തില്‍ അക്കൗണ്ട് തുടങ്ങിയ നാല് വിദ്യാര്‍ത്ഥികളെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. സംഭവത്തില്‍ സൈബര്‍ പൊലിസ് കേസെടുത്തിരുന്നു. നേരത്തെ വനിതാ കമ്മിഷനും യുവജന കമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു.
    വനിതാ കമ്മിഷന്‍ അംഗം ഡോ ഷാഹിദ കമാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് വനിതാകമ്മിഷന്റെ നടപടി. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുന്നതിനിടെയാണ് നാലു വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ ഫോണും പൊലിസ് പിടിച്ചെടുത്തു. തുടര്‍ന്ന് ചോദ്യം ചെയ്ത ശേഷം താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച്‌ തൊട്ട് പിന്നാലെ ഇത് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകരെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ട്രോളുകളും കമന്റുകളും അതിരുവിട്ടതോടെയാണ് കൈറ്റ് വിക്ടേഴ്സ് സിഇഒ അന്‍വര്‍ സാദത്ത് എഡിജിപി മനോജ് എബ്രഹാമിന് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

    സമൂഹമാധ്യമങ്ങളില്‍ അധ്യാപികമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും സഭ്യമല്ലാത്ത ട്രോളുകള്‍ പ്രചരിപ്പിക്കുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വനിതാകമ്മിഷന്‍ അംഗം ഷാഹിദ കമാലിന്റെ പരാതിയിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പൊലിസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ഓണ്‍ലൈന്‍ വഴി ക്ലാസുകളെടുത്ത അധ്യാപികമാരെ അവഹേളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ ശിശുവികസന മന്ത്രി കെ കെ ശൈലജ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad