കോവിഡ് പ്രതിരോധം : കണ്ണൂർ മെഡിക്കൽ കോളേജിന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭിനന്ദനം , അടിയന്തിര വികസന പ്രവർത്തനങ്ങൾക്ക് അനുമതി
കണ്ണൂർ :
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി യോഗം ചേർന്നു. വ്യാഴാഴ്ച രാവിലെ 11 മണിക്കായിരുന്നു യോഗം. ടി.വി രാജേഷ് എം.എൽ.എ, പ്രിൻസിപ്പൽ സെക്രട്ടറി (ഹെൽത്ത്) രാജൻ കോബ്രഗഡെ IAS, മെഡിക്കൽ എഡ്യുക്കേഷൻ ഡയരക്ടർ ഡോ റംല ബീവി, ജോയിന്റ് ഡയരക്ടർ (മെഡിക്കൽ) ഡോ തോമസ് മാത്യു, സ്‌പെഷ്യൽ ഓഫീസർ ഡോ ഹരികുമാരൻ നായർ വി.എസ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ കെ.എം കുര്യാക്കോസ്, മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപ്, വൈസ് പ്രിൻസിപ്പാൾ ഡോ എസ് രാജീവ്, മെഡിക്കൽ കോളേജിന് പുറമേയുള്ള സ്ഥാപനങ്ങളിലെ പ്രിൻസിപ്പാൾമാർ, ഡി.എം.ഇ യിലേയും മെഡിക്കൽ കോളേജിലേയും ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവർ വിവിധയിടങ്ങളിൽ നിന്നായി ഓൺലൈൻ യോഗത്തിന്റെ ഭാഗമായി.
മെഡിക്കൽ കോളേജിൽ അടിയന്തിര സാഹചര്യത്തിൽ വരുത്തേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് ടി.വി രാജേഷ് എം.എൽ.എയും മറ്റ് കാര്യങ്ങൾ സംബന്ധിച്ച് പ്രിൻസിപ്പാൾ ഡോ കെ.എം കുര്യാക്കോസും റിപ്പോർട്ട് ചെയ്തു.
മെഡിക്കൽ കോളേജിനായി ബജറ്റിൽ നീക്കിവെച്ച ഫണ്ട് വേഗത്തിൽ അനുവദിക്കുന്നതിന് നിർദ്ദേശം നൽകിയതായും കിഫ്ബി വഴി നടപ്പാക്കുന്ന ആദ്യഘട്ട വികസന പ്രവർത്തനങ്ങളുടെ പ്രോപ്പോസലിന് അടുത്ത യോഗത്തിൽത്തന്നെ അംഗീകാരം ലഭിക്കുന്നതിനായി നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു. മെഡിക്കൽ കോളേജിന്റെ മുഖച്ഛായ മാറ്റുന്ന പ്രധാന വികസനപ്രവർത്തനങ്ങൾ നേരത്തേ തീരുമാനിച്ച സാഹചര്യത്തിൽ അതിൽ വരാത്തവിധമുള്ളതും അടിയന്തിര പ്രാധാന്യമുള്ളതുമായ വികസന പ്രവർത്തനങ്ങൾക്കും യോഗം അംഗീകാരം നൽകി.
അതു പ്രകാരം മെഡിക്കൽ കോളേജ് കോംപൗണ്ടിലെ പ്രധാന റോഡ് അടിയന്തിരമായി റിപ്പയർ ചെയ്യുന്നതിന് തീരുമാനിച്ചു. അത്യാവശ്യമായ അറ്റകുറ്റ പണികളും സർക്കാർ അനുവദിക്കുന്ന മരുന്നുകളും അനുബന്ധ സാധനങ്ങളും സൂക്ഷിക്കുന്നതിനായി നിലവിലുള്ള ഒരു കെട്ടിടം അറ്റകുറ്റപ്പണി നടത്തി ഫാർമസി സ്റ്റോർറൂം ഒരുക്കണമെന്നും നിശ്ചയിച്ചു. കോവിഡ് ട്രയാജ് ഏരിയായിൽ മേൽക്കൂരയും റാമ്പും ഒരുക്കുന്നതിനും ഹൗസ് സർജൻസ് ക്വാട്ടേഴ്‌സിൽ അത്യാവശ്യമുള്ള അറ്റകുറ്റപ്പണി നടത്തുന്നതിനും യോഗം അനുമതി നൽകി. ജീവനക്കാരുടെ ഇന്റഗ്രേഷൻ നടപടികൾ പരമാവധി വേഗത്തിൽ പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി ശൈലജ ടീച്ചർ അറിയിച്ചു.
പീഡിയാക്ട്രിക് സർജറി, ജനറൽ സർജറി, ഓർത്തോപ്പഡിക്‌സ്, നെഫ്രോളജി, റേഡിയോളജി, അനസ്തേഷ്യോളജി തുടങ്ങിയ വിഭാഗങ്ങളിൽ അടിയന്തിര പ്രാധാന്യത്തോടെ കൂടുതൽ ഡോക്ടർമാരെ ആവശ്യമാണെന്ന് ടി.വി രാജേഷ് എം.എൽ.എയും പ്രിൻസിപ്പാൾ ഡോ കെ എം കുര്യാക്കോസും അറിയിച്ചു. മറ്റ് കോളേജുകളിൽ നിന്നും ആരോഗ്യ വകുപ്പിൽ നിന്നും ഡെപ്യൂട്ടേഷൻ വഴി അനുവദിക്കാൻ കഴിയുമോ എന്നത് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.
എൻ.എച്ച്.എം ഫണ്ട് വഴി അത്യാധുനിക കാത്ത്‌ലാബ്, സി.ടി സ്‌കാൻ മെഷീൻ എന്നിവ ലഭിക്കുന്നതിനുള്ള സാധ്യത പരിശോധി ക്കുമെന്ന് ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയ എം.എൽ.എ യ്ക്ക് മന്ത്രി മറുപടി നൽകി.
കോവിഡ് ബാധിതരായ ഗർഭിണികൾ ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണെന്നും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് മാതൃകാപരമായ പ്രവർ ത്തനം നടത്തിക്കൊണ്ടിരിക്കുന്ന ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. കല്യാശ്ശേരി എം.എൽ.എ ടി.വി രാജേഷിന്റെ നിർദ്ദേശപ്രകാരമാണ് മന്ത്രിയും ആരോഗ്യ മേഖലയിലെ ഉന്നത ഉദ്യാഗസ്ഥരും മെഡിക്കൽ കോളേജ് അധികൃതരും പങ്കെടുത്ത് ഇത്തരത്തിലൊരു യോഗം വിളിച്ചത്.
No comments
Post a Comment