മുഖ്യമന്ത്രി ഇനി മുതൽ മാധ്യമങ്ങളെ കാണുന്നത് കോവിഡുമായി ബന്ധപ്പെട്ട് കാര്യമായ പ്രഖ്യാപനങ്ങള്‍ ഉള്ള ദിവസങ്ങളില്‍ മാത്രം
കോവിഡുമായി ബന്ധപ്പെട്ടു കാര്യമായ പ്രഖ്യാപനങ്ങൾ ഉള്ള ദിവസങ്ങളിൽ മാത്രമാകും ഇനി മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുക. കോവിഡ് രോഗികളുടെ എണ്ണം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇതു പറയാനായി മാധ്യമങ്ങളെ മുഖ്യമന്ത്രി കാണേണ്ടതില്ലെന്നാണു നിലപാട്. കോവിഡ് വ്യാപനമുണ്ടായ ശേഷം കഴിഞ്ഞ രണ്ടര മാസമായി മിക്ക ദിവസങ്ങളിലും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നതു പതിവായിരുന്നു. പതിവ് മന്ത്രിസഭായോഗം ബുധനാഴ്ച നടക്കുന്ന സാഹചര്യത്തിൽ വൈകുന്നേരം പത്രസമ്മേളനത്തിന് സാധ്യതയുണ്ട്.
കോവിഡ് ഭീതി ഏതാണ്ട് നിയന്ത്രണവിധേയമായ ഘട്ടത്തിൽ മുഖ്യമന്ത്രി പതിവു പത്രസമ്മേളനം ഉപേക്ഷിക്കാൻ തീരുമാനിച്ചതാണെങ്കിലും പ്രതിപക്ഷമുൾപ്പെടെ വിമ൪ശനവുമായി രംഗത്തെത്തിയതോടെ തീരുമാനം പിൻവലിച്ചു. സ്പ്രിംഗള൪ ഡേറ്റ ശേഖരണ വിവാദം കത്തിനിൽക്കുന്ന സന്ദർഭമായതിനാൽ, മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്നാണ് അന്നു പ്രതിപക്ഷം ആരോപിച്ചത്. പത്രസമ്മേളനം പതിവായി ശ്രദ്ധിക്കുന്നവരുടെ അഭ്യർഥന കൂടി മാനിച്ചാണ് നടപടിയെന്ന്
മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പ്രവാസികളുടെ വരവ് കൂടിയതോടെ കോവിഡ് വ്യാപനത്തോതും സംസ്ഥാനത്ത് കൂടി വരികയാണ്. രോഗനിയന്ത്രണത്തിന്റെ ഭാഗമായി സർക്കാർ ചെയ്യാവുന്നതെല്ലാം ഇതിനകം ചെയ്തുകഴിഞ്ഞതും പുതിയതായി പ്രഖ്യാപിക്കാൻ മാത്രമുള്ള തീരുമാനങ്ങളില്ലാത്തതും മുഖ്യമന്ത്രിയുടെ പുതിയ തീരുമാനത്തിനു പിന്നിലുണ്ട്. ജൂലൈ പകുതി വരെ രോഗവ്യാപനത്തോത് ഉയരുമെന്നാണു സർക്കാർ കരുതുന്നത്.
No comments
Post a Comment