ബാറുകളില്‍ ആപ്പും വേണ്ട, സാമൂഹിക അകലവും വേണ്ട...ആര്‍ക്കും മദ്യം വാങ്ങാം..!!
കാസര്‍കോട്:
മദ്യവില്‍പനയുടെ മറവില്‍ കാസര്‍കോട്ടെ ബാറുകളില്‍ അനധികൃത വില്‍പന നടക്കുന്നതായി പരക്കെ ആക്ഷേപം. ബെവ്‌കോ ആപ്പിന്‍റെ പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും ആപ്പില്ലാതെയും അകലം പാലിക്കാതെയും ബാറില്‍ നിന്ന് മൂന്നുലിറ്റര്‍ മദ്യം വാങ്ങാവുന്ന അവസ്ഥയാണ്.
നിലവില്‍ ഫെയര്‍കോഡ് തയ്യാറാക്കിയ ബെവ്ക്യൂ അപ്ലിക്കേഷനിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ മദ്യം നല്‍കാവൂ എന്ന സര്‍ക്കാരിന്‍റെ ഉത്തരവാണ് ബാറുകള്‍ കാറ്റില്‍ പറത്തുന്നത്.
ചെറുവത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ബാറില്‍ താപനില അളക്കാനാളില്ല. ആപ്പുള്ളവരുടെ പേരുകള്‍ സെക്യൂരിറ്റിയായി നില്‍ക്കുന്ന ആളിന്റെ രജിസ്റ്ററില്‍ രേഖപ്പെടുത്തുക മാത്രമാണിവിടെ ചെയ്യുന്നത്. ഇല്ലാത്തവര്‍ക്കും ബാറിലേക്ക് കടന്നുപോകാം. കൗണ്ടറിലെ ജീവനക്കാരും ആപ്പില്ലാതെ എത്തുന്നവര്‍ക്ക് മദ്യം നല്‍കുകയാണ്. സ്വന്തമായി ആപ്പില്ലാത്തവരാണ് ഇവിടെയെത്തുന്നവരില്‍ ഭൂരിഭാഗവും. സ്ത്രീകളടക്കമുള്ള പലരുടെയും പേരില്‍ ബുക്ക് ചെയ്ത് സ്‌ക്രീന്‍ ഷോട്ട് ഹാജരാക്കിയാണ് മദ്യം വാങ്ങുന്നതെന്ന പരാതിയും സജീവമാണ്. പത്തുതവണയും ബുക്ക് ചെയ്തപ്പോള്‍ ബാര്‍ മാത്രം കിട്ടിയ ഉപഭോക്താക്കളാണ് ഏറെയും.
കാസര്‍കോട് ജില്ലയിലെ മിക്ക ബാറുകളിലും അനധികൃത വില്‍പനതന്നെ നടക്കുന്നുവെന്നാണ് ആക്ഷേപമുയരുന്നത്. അതേസമയം ബെവ്‌കോയില്‍ തിരക്കുമില്ല. ആപ്പുള്ളവര്‍ മാത്രമാണ് എത്തുന്നത്. ആപ്പുവഴി ബുക്കുചെയ്യാതെ മദ്യം നല്‍കുന്നത് നാട്ടില്‍ പാട്ടായതോടെ ദൂരെസ്ഥലങ്ങളില്‍നിന്ന് ധാരാളം പേരെത്തി ബാറുകളില്‍ നിന്ന് അടുത്ത ദിവസങ്ങളിലും മദ്യം വാങ്ങുന്നുണ്ട്. ബെവ്‌കോ ആപ്പിലൂടെയുളള മദ്യവിതരണം തുടക്കം മുതല്‍ നിരവധി ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിരുന്നു ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റുകളില്‍ ആപ്പ് മുഖാന്തിരം ബുക്ക് ചെയ്ത് മദ്യം വാങ്ങാനെത്തുന്നവരുടെ എണ്ണം നന്നേ കുറവായിവരികയാണ്. ഇത് ബിവറേജസ് വില്‍പ്പനശാലകളുടെ വരുമാനത്തെ ഗണ്യമായി ബാധിച്ചതായായി അധികൃതര്‍ തന്നെ പറയുന്നുണ്ട്.
No comments
Post a Comment