ഭാര്യയുടെ പ്രസവത്തിന് പരിയാരത്തു പോയ കരിന്തളം സ്വദേശിക്ക് കോവിഡ്; കാഞ്ഞങ്ങാടും പരിസര പ്രദേശത്തുമായി നിരവധിപ്പേർ സമ്പർക്ക പട്ടികയിൽ
കാഞ്ഞങ്ങാട്:
ഭാര്യയുടെ പ്രസവത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചത് മലയോരത്തെ ആശങ്കയിലാഴ്ത്തി. കരിന്തളം കോയിത്തട്ട സ്വദേശിയും കഴിഞ്ഞ ഒന്നരമാസമായി കടുമേനി പട്ടയങ്ങാനം പട്ടികജാതി കോളനിയിൽ താമസക്കാരനുമായ 28 കാരനാണ് അസുഖം ബാധിച്ചത്.
കഴിഞ്ഞ 23 ന് രാത്രി യുവാവിന്റെ ഭാര്യയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തിരുന്നു. എന്നാൽ 24 ന് രാവിലെ യുവതിയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. ആംബുലൻസിലാണ് ഇവരെ പരിയാരത്തെത്തിച്ചത്. ഇതിനിടെ യുവാവിന്റെ അമ്മയും കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തി. ചുമയുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് 27ന് ഇയാളുടെ സാമ്പിൾ ശേഖരിച്ചു. 29 ന് യുവാവ് ഓട്ടോറിക്ഷയിലാണ് പരിയാരത്തുനിന്ന് പട്ടയങ്ങാനം കോളനിയിലെത്തുന്നത്.
അന്നുരാത്രി കോളനിയിലെ ഒരു അടിയന്തരത്തിലും യുവാവ് പങ്കെടുത്തു.
തിങ്കളാഴ്ചയാണ് യുവാവിന്റെ ഭാര്യയും അമ്മയും വീട്ടിൽ തിരിച്ചെത്തുന്നത്. അമ്മ ഇന്നലെ പട്ടയങ്ങാനത്തേക്കു വന്ന മകൾക്കൊപ്പം കോയിത്തട്ടയിലെ വീട്ടിലേക്ക് തിരിച്ചുപോയി. പട്ടയങ്ങാനത്തെ ഭാര്യാവീട്ടിൽ 12 പേരാണു താമസിക്കുന്നത്. ഇവർക്ക് ആകെയുള്ളത് ഒരു ബാത്ത് റൂമും. ഇവരുടെ വീടിനുസമീപത്തായി 25 വീടുകളുണ്ട്. ഇതിനു തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന സർക്കാരി കോളനിയിലും നിരവധി വീടുകളുണ്ട്. മാത്രമല്ല യുവാവ് ബാങ്ക്, ബാർബർ ഷോപ്പ് എന്നിവിടങ്ങളിലും പോയിട്ടുണ്ട്. അതിനാൽ സമൂഹവ്യാപനത്തിനുള്ള സാധ്യത ഏറെയുണ്ടെന്ന കണക്കുകൂട്ടലിലാണ് ആരോഗ്യവകുപ്പ്. യുവാവിന്റെ സമ്പർക്ക പട്ടിക കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
കൂലിപ്പണിക്കാരനായ യുവാവ് ലോക്ക് ഡൗൺ ആയതിനാൽ കഴിഞ്ഞ ഒന്നരമാസമായി പണിക്കു പോയിരുന്നില്ല. അതിനാൽത്തന്നെ ഇയാൾക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന കാര്യവും വ്യക്തമായിട്ടില്ല.
No comments
Post a Comment