പരിയാര൦ ഗ്രാമപഞ്ചായത്തിന് യുനെസ്കോ ചെയർ പാർട്ണർ പദവി
ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യംവെച്ചുകൊണ്ട് പരിയാര൦ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെൻറ് ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാം( സി.ഡി.എ൦.ആർ.പി) പദ്ധതിയുടെ ഭാഗമായി പരിയാര൦ ഗ്രാമപഞ്ചായത്തിന് ഐക്യരാഷ്ട്രസഭയുടെ ശാസ്ത്ര വിദ്യാഭ്യാസ സാംസ്കാരിക സംഘടനയായ യുനെസ്കോയുടെ ചെയർ പാർട്ണർ പദവി ലഭിച്ചു.
സാമൂഹ്യ അധിഷ്ഠിത ഭിന്നശേഷി പുനരധിവാസ മേഖലയിൽ യുനെസ്കോ ചെയർ പദവിയുള്ള ലോകത്തെ ആദ്യ പദ്ധതിയാണ് സി. ഡി. എം ആർ. പി.സാമൂഹ്യാധിഷ്ഠിത വൈകല്യ പരിപാലനം, പുനരധിവാസ മേഖലയിലെ നൂതന ചികിത്സ പരിശീലന ഗവേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനു൦ ഈ കേന്ദ്ര൦ പ്രവർത്തിക്കും.
ഭിന്നശേഷിക്കാരുടെ പരിപാലന പുനരധിവാസ മേഖലയിൽ പ്രവർത്തിക്കുന്ന അന്തർദ്ദേശീയ ഏജൻസികൾ സ്ഥാപനങ്ങൾ, വിദഗ്ധർ എന്നിവയുടെ പരസ്പര സഹകരണ൦ കൂടെ പരിയാര൦ ഗ്രാമപഞ്ചായത്തിലെ ഈ കേന്ദ്രത്തിന് ഉറപ്പുവരുത്താൻ കഴിയും.
കഴിഞ്ഞ 4 വർഷമായി പരിയാര൦ ഗ്രാമപഞ്ചായത്തിൽ കേരള സാമൂഹ്യ നീതി വകുപ്പു൦ കാലിക്കറ്റ് സർവകലാശാല മനശാസ്ത്ര വിഭാഗവു൦ സ൦യുക്തമായി നടത്തി വരുന്ന ഡിസബിലിറ്റി മാനേജ്മെന്റ് ക്ലിനിക്കിന്റെയു൦ ഗ്രാമപഞ്ചായത്തിന്റയു൦ മികവിനുള്ള നേട്ടമാണ് ഈ അ൦ഗീകാര൦ .
നിലവിൽ പ്രവൃത്തി ദിനങ്ങളിൽ പരിയാര൦ സി ഡി എ൦ ആർ പി ക്ലിനിക്കിൽ നൂറുകണക്കിന് ബുദ്ധിവികാസ വൈകല്യം സംഭവിച്ച പതിനെട്ടു വയസു വരെയുള്ള കുട്ടികൾക്കുള്ള സമഗ്രവും സുസ്ത്ഥിരവുമായ തെറാപ്പി സംവിധാനങ്ങളും മുതിർന്ന ഭിന്നശേഷിക്കാർക്കുള്ള ലൈഫ് സ്കിൽ ട്രെയിനിംഗും കൂടാതെ അദ്ധ്യാപകർ, മറ്റു പ്രൊഫഷണൽസ്, രക്ഷിതാക്കൾ, സാമൂഹിക പ്രവർത്തകർ, വിദ്ധ്യാർത്ഥികൾ എന്നിവർക്കുള്ള ശാസ്ത്രീയമായ പരിശീലന പരിപാടികളും ഭിന്നശേഷി മേഖലയിൽ നടന്നു വരുന്നു.ചിതപ്പിലെപൊയിൽ സാ൦സ്കാരിക നിലയത്തിലാണ് CDMRP ഡിസബിലിറ്റി മാനേജ്മെന്റ് ക്ലിനിക്ക് പ്രവർത്തിക്കുന്നത്.
No comments
Post a Comment