കണ്ണപുരം പൊലീസ് സ്‌റ്റേഷന് മുന്നിൽ ആർഎസ്എസ് അക്രമം. സ്റ്റേഷൻ ഹൗസ് ഓഫീസറുടെ കൈ അടിച്ചൊടിച്ചു
കണ്ണപുരം പൊലീസ് സ്‌റ്റേഷന് മുന്നിൽ ആർഎസ്എസ് അക്രമം. സ്റ്റേഷൻ ഹൗസ് ഓഫീസറുടെ കൈ അടിച്ചൊടിച്ചു. ഓഫീസർ ശിവൻ ചോടോത്തിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഘം. കോവിഡ് നിയന്ത്രണ ചട്ടം ലംഘിച്ച് സംഘടിച്ചെത്തിയ സംഘമാണ് അക്രമിച്ചത്. പൊലീസ് സ്റ്റേഷൻ്റെ കവാടത്തിൽ പ്രവർത്തകർ പന്തൽ കെട്ടാനുള്ള ശ്രമം നടത്തിയതോടെയാണ് സംഘർഷം ഉണ്ടായത്.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് അനധികൃതമായി സംഘം ചേർന്നതിന് കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തു. പൊലീസിൻ്റെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ഓഫീസറെ അക്രമിക്കുകയും ചെയ്‌ത നാല് പേരെ അറസ്റ്റു ചെയ്‌തു കണ്ണപുരം കീഴറയിലെ മണിയമ്പാറ ബാലകൃഷ്ണൻ (62), മൊട്ടമ്മലിലെ സുമേഷ് ചേണിച്ചേരി (35) മാട്ടൂൽ മൊത്തങ്ങ ഹൗസിലെ ബി ഹരിദാസൻ (27) ചെറുകുന്ന് അമ്പലപ്പുറത്തെ ബി നന്ദകുമാർ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.
സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടം തടസപ്പെടുത്തിയുള്ള പന്തൽ കെട്ടാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് പൊലീസ് നിർദേശിച്ചതോടെയാണ് ആർഎസ്എസ് ബിജെപി സംഘം അക്രമിച്ചത്. അടിയേറ്റ് നിലത്ത് വീണ ശിവൻ ചോടോത്തിൻ്റെ കൈയ്‌ക്ക് പൊട്ടലേറ്റു. ധർണ നടത്തണമെന്നാവശ്യപ്പെട്ടാണ് ഇവരുടെ നിയമ- കോവിഡ് പ്രോട്ടോക്കോൾ ലംഘനവും അക്രമവും. അക്രമത്തിന് നേതൃത്വം നൽകിയവരെ ഉടൻ അറസ്റ്റ് ചെയ്‌തതിനാൽ മറ്റ് പൊലീസുകാർക്ക് ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കണ്ണപുരം സിപിഐ എം ഏരിയാ കമ്മിറ്റിയംഗത്തെയും ലോക്കൽ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി എന്നിവരെയും വെട്ടി കൊല്ലുമെന്ന പരസ്യ ഭീഷണിയും സ്‌റ്റേഷനുമുന്നിൽ സംഘം നടത്തി. പൊലീസ് സ്റ്റേഷനുമുന്നിൽ ബിജെപി - ആർ എസ് എസ് ജില്ലാ നേതാക്കളുടെ മുന്നിലാണ് പ്രവർത്തകരുടെ പ്രകോപനമുദ്രാവാക്യം.
സിപിഐ എം ഏരിയാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്തംഗവുമായ പി പി ഷാജിറിനെയാണ് പേരെടുത്ത് പറഞ്ഞ് വെട്ടിയരിഞ്ഞ് കാട്ടിൽ എറിയുമെന്ന് ഭീഷണി മുഴക്കിയത്. ബ്രാഞ്ച് സെക്രട്ടറിയെയും ലോക്കൽ സെക്രട്ടറിയെയും വീട്ടിൽ കയറി വെട്ടുമെന്നും ഭീഷണിയുണ്ട്.
No comments
Post a Comment