കണ്ണൂരിൽ സ്ഥിതി അതീവ ഗുരുതരം; സാമൂഹ്യ വ്യാപനത്തിലേക്ക് കടന്നിട്ടില്ല : മന്ത്രി ഇപി ജയരാജൻ
കണ്ണൂരിൽ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി ഇപി ജയരാജൻ. മരിച്ച എക്‌സൈസ് ജീവനക്കാരന്റെ സമ്പർക്കപ്പട്ടിക വിപുലമാണെന്നും മരണകാരണത്തെ കുറിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂരിൽ വൈറസ് ബാധ സാമൂഹ്യ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് മന്ത്രി ഇപി ജരാജൻ പറഞ്ഞു. ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നുംരോഗവ്യാപനം തടയാൻ പ്രവാസികളുടെ പരിശോധന മാത്രമാണ് മാർഗമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ ഘട്ടത്തിൽ രാഷ്ട്രീയ മുതലെടുപ്പല്ല, മറിച്ച് ജനങ്ങളെ രക്ഷിക്കാനുള്ള ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.ഇന്നലെയാണ് കണ്ണൂരിലെ എക്‌സൈസ് ജീവനക്കാരൻ കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത മറ്റു കൊവിഡ് മരണങ്ങളിൽ രോഗിക്ക് മുമ്പേ തന്നെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു.
പലപ്പോഴും കൊവിഡ് ബാധയെ തുടർന്ന് ഈ രോഗങ്ങളും മുർച്ഛിക്കുന്നതാണ് മരണത്തിലേക്ക് വഴിതെളിച്ചത്. എന്നാൽ ഇന്നലെ മരിച്ച കെപി സുനിൽ എന്ന 28 കാരൻ പൂർണ ആരോഗ്യവാനായിരുന്നു. രോഗം സ്ഥിരീകരിച്ച് ദിവസങ്ങൾക്കം അദ്ദേഹം മരണത്തിന് കീഴ്ടങ്ങിയത് ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്.
മട്ടന്നൂർ റേഞ്ച് ഓഫിസിലെ എക്‌സൈസ് ഉദ്യോഗസ്ഥനാണ് മരിച്ച വ്യക്തി. എക്‌സൈസ് വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലെ പ്രതിയുമായി ജൂൺ മൂന്നാം തിയതി ഇദ്ദേഹം ജില്ലാ ആശുപത്രിയിൽ പോയിരുന്നു. ഇവിടെ അന്നേ ദിവസം മറ്റൊരു വ്യക്തി കൊവിഡ് ടെസ്റ്റിനായി വന്നിരുന്നു. ഇവിടെ നിന്നാകാം ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് സൂചന. തുടർന്ന് 12 ആം തിയതിയാണ് ഇദ്ദേഹത്തിന് പനി അനുഭവപ്പെടുന്നത്.
ജൂൺ 14ാം തിയതി ഇരിക്കൂറിലെ സ്വകാര്യ ക്ലിനിക്കിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് പരിയാരം മെഡക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. കടുത്ത ന്യുമോണിയയാണ് ഇദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത്.
No comments
Post a Comment