Header Ads

  • Breaking News

    കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന്‌(ബുധന്‍) മുതല്‍ പൂര്‍ണ സര്‍ക്കാര്‍ നിരക്കില്‍ ചികില്‍സ

    പരിയാരം
    കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന്‌
    മുതല്‍ എല്ലാ ചികില്‍സകളും സര്‍ക്കാര്‍ നിരക്കില്‍.

    ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച നിരക്കുകളാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരിക.കാര്‍ഡിയോളജി വിഭാഗത്തില്‍ ആഞ്ജിയോപ്ലാസ്റ്റി, ബൈപ്പാസ് ശസ്ത്രക്രിയകള്‍ക്കുള്ള നിരക്കുകള്‍ അടുത്തയാഴ്ച്ചയോടെ സര്‍ക്കാര്‍ നിരക്കിലേക്ക് മാറും.

    ഇത് നടപ്പിലാകുന്നതോടെ ആഞ്ജിയോപ്ലാസ്റ്റിക്കും ബൈപ്പാസിനും പതിനായിരത്തില്‍ താഴെ നിരക്കുകള്‍ മാത്രമേ വേണ്ടിവരൂ.ഒന്നരലക്ഷം വരെ ഈടാക്കുന്ന ശസ്ത്രക്രിയകള്‍ക്ക് നാമമാത്രമായ നിരക്കുകള്‍ വരുന്നത് സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ പ്രയോജനപ്രദമാകും.

    സഹകരണ മേഖലയില്‍ കഴിഞ്ഞ 25 വര്‍ഷമായി പ്രവര്‍ത്തിച്ചുവന്ന മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് 15 മാസമാകാറായിട്ടും സ്വകാര്യ ആശുപത്രികളിലെ ചികില്‍സാ നിരക്ക് തുടരുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.2019 മാര്‍ച്ച് 20 നാണ് മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുത്തുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

    പടിപടിയായി ചികില്‍സാ നിരക്കുകള്‍ സൗജന്യമാക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒ പി ഫീസ് ഉള്‍പ്പെടെ വളരെ ചെറിയ വിഭാഗങ്ങള്‍ക്കുമാത്രമാണ് ഇപ്പോള്‍ സൗജന്യം ലഭിക്കുന്നത്.മറ്റെല്ലാ ചികില്‍സക്കും സ്വകാര്യ ആശുപത്രികളിലെ അതേ നിരക്ക് തന്നെയാണ് ഈടാക്കിവരുന്നത്.

    2020 ഏപ്രില്‍ ഒന്നുമുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അതേ നിരക്കുകള്‍ മാത്രമേ ഇവിടെ ഈടാക്കുകയുള്ളൂവെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
    അതിനിടയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സൗജന്യചികില്‍സ നടപ്പാകാതെ പോയത്.

    ഇതിനെതിരെ ജനരോഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ പ്രിന്‍സിപ്പാളായി ഡോ.കെ.എം.കുര്യാക്കോസ് ചുമതലയേറ്റത്.
    ഇതോടെ സൗജന്യ ചികില്‍സ ഉടന്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു.

    നേരത്തെ പരിയാരം മെഡിക്കല്‍ കോളേജ് സൊസൈറ്റി ആശുപത്രി നടത്തിയിരുന്ന കാലത്തെ അതേ കമ്പ്യൂട്ടര്‍ ബല്ലിങ്ങ് സമ്പ്രദായമാണ് തുടര്‍ന്നുവന്നിരുന്നത്.

    മഴക്കാലമായതോടെ പകര്‍ച്ചപനി ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ ബാധിച്ച് നൂറുകണക്കിനാളുകളാണ് മെഡിക്കല്‍ കോളേജില്‍ എത്തുന്നത്.ഇവരോടെല്ലാം ഈടാക്കുന്നത് സ്വകാര്യ ആശുപത്രി നിരക്കുകളാണ്. ബി പി എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ചില ചികില്‍സാ ഇളവുകള്‍ ഉള്ളത് മാത്രമാണ് ആശ്വാസകരമായിരുന്നത്.

    No comments

    Post Top Ad

    Post Bottom Ad