കൊവിഡ് കേസുകൾ വർധിക്കുന്നു; ലോക്ക്ഡൗൺ ഇളവുകൾ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ ഇളവുകൾ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം. ലോക്ക്ഡൗൺ ഇളവുകളിൽ നിയന്ത്രണം വരുത്തുന്നതിനെപ്പറ്റിആഭ്യന്തര മന്ത്രാലയം ആലോചിക്കുകയാണ്. തുടർച്ചയായ നാലാം ദിവസവും കൊവിഡ് കേസുകൾ 9000 കടന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
നൽകിയിരിക്കുന്ന ഇളവുകൾ ലോക്ക്ഡൗണിൻ്റെ ലക്ഷ്യത്തെ ബാധിക്കുന്ന തരത്തിൽ ഉപയോഗിക്കപ്പെടുന്നു എന്നാണ് വിലയിരുത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇളവുകൾ നിയന്ത്രിക്കാൻ കേന്ദ്രം ആലോചിക്കുന്നത്. ഇത് കേന്ദ്രം ഒറ്റക്കല്ല തീരുമാനിക്കുന്നത്. വിവിധ സംസ്ഥാന സർക്കാരുകളോട് ഇക്കാര്യത്തിൽ നിർദ്ദേശം നൽകാൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിമാരോട് സംസാരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദേശീയ തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഭാഗത്തു നിന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നതിനു പകരം സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തുന്നതിനെപ്പറ്റിയാണ് ആലോചിക്കുന്നത്. പ്രധാനമന്ത്രി ഇന്ന് ആഭ്യന്തര മന്ത്രിയെയും ആരോഗ്യമന്ത്രിയെയും കാണുന്നുണ്ട്. ഇതോടെ ഈ വിഷയത്തിൽ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഡൽഹി അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് ബാധ രൂക്ഷമായിട്ടും കൂടുതൽ ഇളവുകൾ അനുവദിക്കുന്നുണ്ട്. ഇതും ആഭ്യന്തര മന്ത്രാലയത്തെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്.
No comments
Post a Comment