പ്രളയ ദുരിതമകറ്റാൻ തുണയാകുന്നവർ ഒരു മഴ പെയ്താൽ ദുരിതത്തിൽ
പ്രളയദുരിതത്തിൽ പെടുമ്പോൾ നാട്ടുകാരുടെ ദുരിതമകറ്റാൻ ഓടി എത്തുന്നവർ ഒരു മഴപെയ്താൽ ദുരിതത്തിലാകുന്ന അവസ്ഥയിൽ . ഇരട്ടി അഗ്നിരക്ഷാ നിലയത്തിലെ ഓഫീസർമാരും ജീവനക്കാരുമാണ് വർഷങ്ങളായി ഇങ്ങിനെ ദുരിതം പേറുന്നത്.
ഞായറാഴ്ച ഉച്ചയോടെ പെയ്ത മഴയിൽ ഒഴുകിയെത്തിയ ചെളിവെള്ളത്തിൽ മണിക്കൂറുകളോളമാണ് നിലയത്തിന്റെ പ്രവർത്തനം താറുമാറായത് . ഈ വർഷം നിരവധി തവണ ഈ അവസ്ഥ നിലയത്തിനുണ്ടായി.
നേരമ്പോക്കിലെ ഇരിട്ടി പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിച്ചു വന്നിരുന്ന പഴക്കം ചെന്ന കെട്ടിടമാണ് അഗ്നിരക്ഷാസേനക്കായി താത്കാലികമായി നൽകിയിരുന്നത്. 2010 ൽ ഇരിട്ടിക്ക് അഗ്നിരക്ഷാ നിലയം അനുവദിച്ച പ്രഖ്യാപനം വന്നതോടെ മറ്റു കെട്ടിടങ്ങൾ കിട്ടാതായതു മൂലമാണ് ഇടുങ്ങിയതും തിരക്ക് പിടിച്ചതുമായ നേരംപോക്ക് റോഡിലെ ഈ പഴയകെട്ടിടം സേനക്ക് അനുവദിച്ചത്. റോഡ് പുതുക്കിപ്പണിത് ടാർ ചെയ്തതോടെ റോഡ് നിരപ്പിൽ നിന്നും ഏറെ താഴ്ന്നാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. വെള്ളം ഒഴുകിപ്പോകാനായി ഓവുചാൽ നിർമ്മിച്ചിരുന്നെങ്കിലും നിർമ്മാണത്തിലെ അപാകത മൂലമാണ് റോഡിലെ ചെളിവെള്ളം മുഴുവൻ നിലയത്തിന്റെ മുന്നിൽ ഒഴുകിയെത്തി തളം കെട്ടി നില്ക്കാൻ ഇടയാക്കുന്നത്. ഇരിട്ടി ഹൈസ്‌കൂൾക്കുന്ന് മുതൽ ഉള്ള വെള്ളം മുഴുവൻ വിവിധ വഴികളിലൂടെ ഒഴുകിയെത്തുന്നത് സേനാനിലയത്തിന്റെ മുന്നിലുള്ള ഈ റോഡിലേക്കാണ്. ഓഫീസിന്റെ ഉള്ളിലേക്കും കിടപ്പു മുറിയിലേക്കും വരെ വെള്ളം ഇരച്ചെത്തുന്നു. മുറ്റത്ത് നിർത്തിയിടുന്ന വാഹനങ്ങൾ അടക്കം ചെളിവെള്ളത്തിൽ മുങ്ങും. കൂടാതെ പഴയ ഓടുമേഞ്ഞ കെട്ടിടത്തിലെ ചോർച്ചയും ജീവനക്കാരുടെ ഉറക്കം തന്നെ ഇല്ലാതാക്കുന്നു. മഴതോർന്ന് വെള്ളമൊഴിഞ്ഞാലും മുട്ടോളം കെട്ടിനിൽക്കുന്ന ചെളിയും ദുരിതം തന്നെയാണ്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന മഴയാണെങ്കിൽ പിന്നെ രാവോ പകലോ വ്യത്യാസമില്ലാതെ ഇരുത്തവും കിടത്തവും നഷ്ടപ്പെട്ടവരായി സേനാംഗങ്ങൾ മാറും.
പ്രവർത്തനം തുടങ്ങിയത് മുതൽ ഉള്ള ആവശ്യമാണ് ഇരിട്ടി സേനക്കായി സൗകര്യപ്രദമായ സ്ഥലത്ത് കെട്ടിടവും സൗകര്യങ്ങളും ഒരുക്കി ത്തണമെന്നുള്ളത്. നിരവധി തവണ അധികൃതർക്ക് മുന്നിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നു. മൂന്ന് മാസങ്ങൾക്ക് മുൻപ് പയഞ്ചേരിയിലെ കോറമുക്കിലെ റവന്യൂ ഭൂമിയിൽ സേനക്ക് കെട്ടിടം നിർമ്മിക്കാനായി അനുമതി നൽകി എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇതിനെപറ്റി യാതൊരു വിവരവും ഉണ്ടായില്ല . പ്രളയകാലത്തും മറ്റും വിശ്രമമില്ലാതെ ജോലിയിൽ ഏർപ്പെടുന്ന സേനക്ക് ജോലി കഴിഞ്ഞെത്തുന്ന സമയത്തെങ്കിലും ഒന്ന് തലചായ്ക്കാനെങ്കിലും സൗകര്യപ്രദമായ ഒരു കെട്ടിടം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണെന്നാണ് സേനാംഗങ്ങൾ പറയുന്നത്.
No comments
Post a Comment