ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 1.10 കോടിയിലേക്ക്; മരണം 5.23 ലക്ഷം പിന്നിട്ടു
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി 10 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,982,299 ആയി. 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അയ്യായിരത്തിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 5.23 ലക്ഷം കടന്നു.
കോവിഡ് കൂടുതല്‍ നാശം വിതച്ച അമേരിക്കയില്‍ രോഗബാധിതര്‍ 28 ലക്ഷം കടന്നു. വേൾഡോമീറ്ററിന്‍റെ കണക്കുപ്രകാരം നിലവിൽ 2,837,189 രോഗികൾ. 1,31,485 പേരുടെ ജീവന്‍ ഇതിനോടകം നഷ്ടമായി. കോവിഡ് മരണത്തില്‍ രണ്ടാമതുള്ള ബ്രസീലില്‍ മരണസംഖ്യ 61,990 ആയി. ഇതുവരെ 1,501,353 പേർക്കാണ് രോഗം ബാധിച്ചത്. റഷ്യയില്‍ മരണം 9,500 കടന്നു. രോഗികളുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക് അടുക്കുന്നു.
കോവിഡ് ബാധിതരില്‍ നാലാമതുള്ള ഇന്ത്യയില്‍ രോഗബാധിതര്‍ ആറു ലക്ഷം കടന്നു. 18,000ത്തിലേറെ പേര്‍ മരിച്ചു. പെറുവിലും വൈറസ് വ്യാപിക്കുകയാണ്. രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുക്കുകയാണ്. അതേസമയം ബ്രിട്ടണിലും സ്‌പെയ്‌നിലും ഇറ്റലിയിലും ജര്‍മനിയിലും പുതിയ രോഗികള്‍ കുറവാണ്.
ലോകത്താകമാനം 61.39 ലക്ഷത്തിലേറെ പേര്‍ ഇതുവരെ രോഗമുക്തരായി. 43.18 ലക്ഷത്തോളം രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 58,000ത്തോളം പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
No comments
Post a Comment