കോവിഡ് സ്ഥിരീകരിച്ചയാൾ കണ്ണൂരിലെ വീട്ടിലേക്കു മുങ്ങി ; ബൈക്കിലും ,ബസ്സിലും യാത്ര
നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ ആരോഗ്യപ്രവർത്തകരെഅറിയിക്കാതെ കണ്ണൂരിലെ വീട്ടിലേക്കു മുങ്ങി. ആരോഗ്യ വകുപ്പ് ഇടപെട്ടു കൊയിലാണ്ടിയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ കണ്ണൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ തൃത്താലയിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയാണു ക്വാറന്റീൻ ലംഘിച്ചു വീട്ടിലേക്കു ബൈക്കിലും കെഎസ്ആർടിസി ബസിലുമായി യാത്ര ചെയ്തത്.
മധുരയിൽ ചെരിപ്പു കട നടത്തുന്ന കണ്ണൂർ സ്വദേശിയായ ഇദ്ദേഹവും 3 സുഹൃത്തുക്കളും കഴിഞ്ഞ 23ന് ആണു തൃത്താലയിൽ എത്തിയത്. ഒപ്പമെത്തിയ സുഹൃത്തിന്റെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 30ന് ഇരുവരും പട്ടാമ്പിയിലെത്തി സ്രവം പരിശോധനയ്ക്കു നൽകി. ഇന്നലെ രണ്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചു.
എന്നാൽ, പരിശോധനാ ഫലം അറിയിക്കാൻ വിളിക്കുമ്പോൾ ഇദ്ദേഹം വീട്ടിൽനിന്നു ബൈക്കിൽ കോഴിക്കോട്ടേക്കു പോയിരുന്നു. തുടർന്നു കോഴിക്കോട്ടുള്ള ചെരിപ്പു കടയിൽ ബൈക്ക് വച്ച ശേഷം കെഎസ്ആർടിസി ബസിൽ കണ്ണൂരേക്കു യാത്രതിരിച്ചു. പാലക്കാട് ജില്ലാ ആരോഗ്യ വിഭാഗം ഫോണിൽ ബന്ധപ്പെട്ടപ്പോൾ കൊയിലാണ്ടിയിൽ എത്തിയതായി അറിഞ്ഞതോടെ അവിടെ ഇറങ്ങാൻ ആവശ്യപ്പെട്ടു. പൊലീസിനു വിവരം കൈമാറി. തുടർന്ന് കോഴിക്കോട് ജില്ലാ നിരീക്ഷണ സംഘം എത്തി ആംബുലൻസിൽ കണ്ണൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി.
No comments
Post a Comment