കോവിഡ് ഭീഷണി: കണ്ണൂരിൽ മാർക്കറ്റിൽ ആളില്ല; പുതിയ ഇടങ്ങൾ തേടി പച്ചക്കറി വ്യാപാരികൾ
കണ്ണൂർ: കോവിഡിനെ പേടിച്ചു മാർക്കറ്റിൽ ആരും വരാതായതോടെ നഗരത്തിന്റെ മറ്റിടങ്ങളിലേക്കു ചേക്കേറി പച്ചക്കറി വ്യാപാരികൾ. മാർക്കറ്റിൽ പച്ചക്കറി വ്യാപാരികളാണു നഗരത്തിന്റെ പല ഭാഗങ്ങളിലേക്കു കച്ചവടം നടത്താൻ എത്തിത്തുടങ്ങിയത്. കോവിഡ് ഭീതിയെ തുടർന്നു മാർക്കറ്റിനുള്ളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ മിക്കവരുടേയും കച്ചവടം ബുദ്ധിമുട്ടിലാവുകയായിരുന്നു. വിൽപനയ്ക്കായി എത്തിച്ച പച്ചക്കറികൾ ചീത്തയായി പോകാനുള്ള സാധ്യതകളുമുണ്ട്. ഇതേത്തുടർന്നാണു വ്യാപാരികൾ മാർക്കറ്റ് വിട്ടിറങ്ങിയത്.
ഹോട്ടലുകൾ ഉൾപ്പെടെ ഇപ്പോൾ അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളിൽ പച്ചക്കറികൾ കൊണ്ടുവന്നെത്തിച്ചാണ് ഈ കച്ചവടം. ഇത്തരം സ്ഥാപനങ്ങൾക്കു വാടക നൽകി കച്ചവടത്തിനായി ഏറ്റെടുത്തവരുമുണ്ട്. മാർക്കറ്റിനുള്ളിലെ വിലയ്ക്കു തന്നെയാണ് പുറത്തും വിൽപന നടത്തുന്നതെന്നു വ്യാപാരികൾ പറഞ്ഞു. ഈ അടുത്ത സമയത്തു മാർക്കറ്റിൽ എത്തിയതിലേറെപ്പേർ ഇപ്പോൾ പച്ചക്കറി വാങ്ങാൻ എത്താറുണ്ടെന്നും ഇവർ പറയുന്നു. കോവിഡ് ഭീഷണി ഒഴിഞ്ഞതിനു ശേഷം, നിയന്ത്രണങ്ങളൊക്കെ നീങ്ങിയതിനു ശേഷം വീണ്ടും പച്ചക്കറി മാർക്കറ്റിലേക്കു മടങ്ങിയെത്താമെന്നാണു വ്യാപാരികളുടെ പ്രതീക്ഷ.
No comments
Post a Comment