പാനൂരില്‍ മരണാനന്തര ചടങ്ങിനെത്തിയവരില്‍ കോവിഡ് വ്യാപിക്കുന്നു
കണ്ണൂര്‍:
കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മേഖലയില്‍ കോവിഡ് വ്യാപിക്കുന്നു. ഇവിടെ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരിലാണ് രോഗം വ്യാപിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ മാത്രം കുന്നോത്തുപറമ്പ് സ്വദേശികളായ എട്ട് പേര്‍ക്ക് കൂടി സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ജില്ലയില്‍ ഇന്നലെ മാത്രം 23 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
നാദാപുരം തൂണേരിയിലെ കോവിഡ് രോഗികളിലൊരാള്‍ പാനൂരിലെ മരണ വീട്ടില്‍ എത്തിയതായി സൂചനയുണ്ട്. ഇതുവഴിയുണ്ടായ സമ്പര്‍ക്കമാകാം ഇത്രയും പേരില്‍ രോഗം പടരാന്‍ കാരണമായതെന്ന് കരുതുന്നു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം രൂക്ഷമായതോടെ മേഖലയിലെ നാല് പോലീസ് സ്‌റ്റേഷന്‍ പരിധികള്‍ പൂര്‍ണ്ണമായും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
കൂത്തുപറമ്പ്, പാനൂര്‍, ന്യൂമാഹി, ചൊക്ലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നിയന്ത്രണം.
ജൂണ്‍ 28ന് പാനൂര്‍ അണിയാരത്തെ മരണ വീട്ടില്‍ എത്തിയ എട്ട് പേര്‍ക്ക് കൂടിയാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇവിടെ 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ആയിഷ എന്ന സ്ത്രീ ഇക്കഴിഞ്ഞ ഞായറാഴ്ച മരിച്ചിരുന്നു.
ജില്ലയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് എത്തിയവരും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. മേഖലയില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ തുറന്നുപ്രവര്‍ത്തിക്കാനാണ് നിര്‍ദേശം.
No comments
Post a Comment