പയ്യന്നൂരിൽ ജനങ്ങൾ ജാഗ്രത കാണിക്കുന്നില്ലെന്ന് അഗ്നിരക്ഷാസേനയുടെ സർവേ
പയ്യന്നൂർ:
സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നുണ്ടെന്ന ചിന്തപോലുമില്ലാതെ നഗരത്തിലെത്തുന്നവർ. വീട്ടിലിരുന്ന് മടുത്തു, ഒന്ന് കറങ്ങിയിട്ട് വരാമെന്ന് പ്രായമായവരിൽ ചിലർ. കാസർകോട്ടുനിന്ന് സ്പെയർ പാർട്ട്‌സ് വാങ്ങാനായി പയ്യന്നൂരിലെത്തിയ ആൾ, ഹോട്ടലുകൾ തുറക്കുന്നുണ്ടല്ലോ, എന്നാൽ ഭക്ഷണം പാർസലാക്കിയേക്കാം എന്നുകരുതി ഇറങ്ങിയവർ. പയ്യന്നൂർ നഗരത്തിലെത്തിയ 196 പേരിൽനിന്ന് കേട്ടത് ഇത്തരം പല മറുപടികൾ.
പയ്യന്നൂർ അഗ്നിരക്ഷാ സേനയുടെ സന്നദ്ധവിഭാഗമായ സിവിൽ ഡിഫൻസ് വൊളന്റിയർമാരാണ് ജനങ്ങളുടെ കോവിഡ് ജാഗ്രത അളക്കാൻ ചൊവ്വാഴ്ച നഗരത്തിലെത്തിയത്. പയ്യന്നൂർ നഗരസഭാപരിധിയിൽ സമ്പർക്കംമൂലം കോവിഡ് റിപ്പോർട്ടുചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സർവേയുമായി അഗ്നിരക്ഷാസേന രംഗത്തിറങ്ങിയത്. ജനങ്ങൾ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നാണ് സർവേ റിപ്പോർട്ട്. ഭൂരിഭാഗം സ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കുന്നില്ലെന്നും കണ്ടെത്തി. പ്രായമായവരും കുട്ടികളും പുറത്തിറങ്ങരുതെന്ന നിർദേശങ്ങൾ പലരും ചെവിക്കൊള്ളുന്നില്ല.
എല്ലാവരും മുഖാവരണങ്ങൾ ധരിക്കുന്നുണ്ടെന്നാണ് സർവേയിലെ കണ്ടെത്തൽ. കോവിഡ് വ്യാപനം തടയുന്നതിന് മുൻകരുതലുകളെടുക്കാത്തവരും വീട്ടിൽ തിരിച്ചെത്തുമ്പോൾ സുരക്ഷാമാനദണ്ഡങ്ങളും ശുചിത്വവും പാലിക്കാത്തവരും കുറവല്ല.
റിവേഴ്‌സ് ക്വാറന്റീൻ പാലിക്കേണ്ട 60 വയസ്സിന് മുകളിലുള്ള 40 പേരാണ് നഗരത്തിലെത്തിയത്.
ആകെയുള്ളവരിൽ 27 പേർ സ്വന്തം വാഹനത്തിലെത്തിയപ്പോൾ 129 പേർ ബസ്സിലും 32 പേർ ഓട്ടോറിക്ഷകളിലുമാണ് എത്തിയത്. 123 പേരുടെ വീട്ടിലും 10 വയസ്സിന് താഴെയുള്ളവരും 60 വയസ്സിന് മുകളിലുള്ളവരും ഉണ്ട്. പയ്യന്നൂർ നഗരത്തിലെ പ്രധാന ഇടങ്ങളിലാണ് സർവേ നടത്തിയത്. 32 പേർ പ്രതികരിക്കാൻ തയ്യാറായില്ല.
പയ്യന്നൂർ സി.ഐ. എം.പ്രമോദ് സർവേ ഉദ്ഘാടനംചെയ്തു. സ്റ്റേഷൻ ഓഫീസർ പി.വി.പവിത്രൻ, സിവിൽ ഡിഫൻസ് അസിസ്റ്റന്റ് വാർഡൻ ടി.വി.സൂരജ്, കെ.സി.അൻസാർ, സി.കെ.സിദ്ധാർഥൻ എന്നിവർ സർവേയ്ക്ക് നേതൃത്വം നൽകി.
No comments
Post a Comment